മൂന്ന് വ‌ർഷത്തെ പ്രണയം, കാമുകൻ ലഹരിക്കടിമയാണെന്ന് തിരിച്ചറിഞ്ഞത് മാസങ്ങൾക്ക് മുമ്പ്; നഴ്സിംഗ് വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

Saturday 18 March 2023 4:50 PM IST

ചെന്നൈ: പ്രണയത്തിൽ നിന്ന് പിന്മാറിയ നഴ്സിംഗ് വിദ്യാർത്ഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. രാധാപുരം സ്വദേശിനി ധരണിയെയാണ് മുൻ കാമുകൻ മധുരപ്പാക്കം സ്വദേശിയായ ഗണേഷ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

ചെന്നൈ കെ കെ റോഡിലുള്ള സ്വകാര്യ നഴ്സിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് ധരണി. യുവതിയും ഗണേഷും കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. കാമുകൻ ലഹരിക്കടിമായാണെന്ന് കുറച്ച് മാസങ്ങൾക്ക് മുമ്പാണ് യുവതി തിരിച്ചറിഞ്ഞത്. ഇതോടെ ബന്ധത്തിൽ വിള്ളൽ വീണു. യുവതി തന്നിൽ നിന്ന് അകന്നതിലുള്ള പ്രതികാരമാണ് അരുംകൊലയിലേക്ക് നയിച്ചത്.

കഴിഞ്ഞ മാസമാണ് ധരണി ലീവിന് നാട്ടിലെത്തിയത്. യുവതിയെ കാണാൻ ഗണേഷ് ശ്രമിച്ചെങ്കിലും നടന്നില്ല. വ്യാഴാഴ്ച രാത്രി വിളിച്ചപ്പോൾ താൻ കോളേജിലേക്ക് മടങ്ങിയതായി യുവതി അറിയിച്ചിരുന്നു. എന്നാൽ ഇത് കള്ളമാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രകോപിതനായ പ്രതി യുവതിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. വാക്കത്തി കൊണ്ടാണ് വെട്ടിയത്. നിലവിളികേട്ട് വീട്ടുകാരും അയൽക്കാരും ഉടനെ ഓടിയെത്തിയെങ്കിലും ഗുരുതരമായി പരിക്കേറ്റ യുവതി സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു.