തണ്ണീർമുക്കം ബണ്ട് എന്ന് തുറക്കും വേമ്പനാട്ടുകായലും തോടും വിഷലിപ്തം.

Sunday 19 March 2023 1:42 AM IST

കോട്ടയം . തണ്ണീർ മുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കാൻ വൈകുന്നതോടെ ഒഴുക്ക് നിലച്ച് വേമ്പനാട്ടുകായലിലെയും സമീപ ആറുകളിലെയും തോടുകളിലെയും വെള്ളം വിഷലിപ്തമായി. പോളയും പായലും നിറഞ്ഞത് ബോട്ട് സർവീസിനെയും ബാധിച്ചു. ചീഞ്ഞഴുകി പായൽ നിറഞ്ഞു കിടക്കുന്നത് മത്സ്യ സമ്പത്തിനെയും സാരമായി ബാധിക്കുമെന്നാണ് ആശങ്ക. വെള്ളത്തിലിറങ്ങിയാൽ ശരീരം ചൊറിഞ്ഞു തടിക്കുന്നതായി പരാതി ഉയരുന്നുണ്ട്. പല പ്രദേശങ്ങളിലും വെള്ളത്തിന്റെ നിറം മാറി രൂക്ഷ ഗന്ധമാണ് അനുഭവപ്പെടുന്നത്. കാർഷിക കലണ്ടർ പ്രകാരം മാർച്ച് 15 നാണ് ഷട്ടറുകൾ തുറക്കേണ്ടതെങ്കിലും പലപ്പോഴും അത് പാലിക്കാറില്ല. ഏപ്രിൽ ആദ്യവാരം ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് ഏപ്രിൽ 15 നകം ഷട്ടറുകൾ പൂർണമായും തുറക്കാനാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞ വർഷം മേയ് 14 നാണ് ഷട്ടറുകൾ പൂർണമായും തുറന്നത്. ബണ്ട് തുറക്കുന്നതിന് മുന്നോടിയായി കോട്ടയം, ആലപ്പുഴ ജില്ല കളക്ടർമാരുടെ യോഗവും ഇതുവരെ ചേർന്നിട്ടില്ല.

പകർച്ചവ്യാധി ഭീഷണി

വേമ്പനാട്ട് കായലിൽ പുല്ലും പോളയും കൂടാതെ കക്കൂസ് മാലിന്യങ്ങൾ ഉൾപ്പടെയുള്ളവ നിറഞ്ഞ് കിടക്കുകയാണ്. പകർച്ചവ്യാധി ഭീഷണിയിലാണ് പ്രദേശത്തെ ജനങ്ങൾ. വെള്ളത്തിൽ ഓക്‌സിജന്റെ അളവും കുറഞ്ഞു. ഷട്ടർ തുറക്കാൻ വൈകുന്നത് അവധിക്കാല സീസൺ പ്രതീക്ഷിക്കുന്ന ഹൗസ് ബോട്ട് മേഖലയ്ക്കും തിരിച്ചടിയാകും. ബണ്ടിന്റെ തെക്കൻ പ്രദേശത്ത് ജലനിരപ്പ് കുറഞ്ഞ് തുടങ്ങിയതും ആശങ്കയ്ക്കിടയാക്കുന്നു.

മത്സ്യ ലഭ്യത കുറയുമെന്ന് ആശങ്ക

ഷട്ടറുകൾ തുറക്കാൻ വൈകിയാൽ മത്സ്യ ലഭ്യതയെയും ബാധിക്കും. ബണ്ട് തുറക്കലുമായി ബന്ധപ്പെട്ട് മത്സ്യ തൊഴിലാളികളും കർഷകരും തമ്മിലുള്ള തർക്കവും പ്രശ്നമാണ്. വേമ്പനാട്ടുകായലിൽ സ്വാഭാവികമായ ശുദ്ധീകരണ പ്രക്രിയക്കായി പരീക്ഷണാടിസ്ഥാനത്തിൽ ബണ്ട് ഒരു വർഷം തുറന്നിടണമെന്ന പരിസ്ഥിതി വിദഗ്ദ്ധരുടെ ആവശ്യവും ഇതുവരെ പരിഗണിച്ചിട്ടില്ല.

കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് പറയുന്നു.

ബണ്ട് തുറക്കാത്തതിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ട്. കർഷകരെ മറയാക്കി വൻകിട കായൽ കൈയ്യേറ്റക്കാർക്ക് ഒത്താശ ചെയ്യുന്നവരാണ് ഇതിന് പിന്നിൽ.

Advertisement
Advertisement