ആലക്കോട്ട് കർഷകപ്രതിഷേധം ഇരമ്പി.

Saturday 18 March 2023 8:43 PM IST

ആലക്കോട്:സർക്കാരും ഉദ്യോഗസ്ഥരും ചേർന്ന് മലയോര കുടിയേറ്റ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നാരോപിച്ച് ആലക്കോട്ട് വൻ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി.കേരള കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ ആലക്കോട് ടൗണിൽ നടത്തിയ കർഷക പ്രതിഷേധജ്വാലയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. വൈകിട്ട് 5 മണിക്ക് അരങ്ങം ക്ഷേത്രമൈതാനത്തുനിന്നും ആരംഭിച്ച റാലിയിൽ വായാട്ടുപറമ്പ്, മേരിഗിരി, ആലക്കോട് എന്നീ ഫൊറോനകൾക്ക് കീഴിലുള്ള 50 ഓളം ഇടവകകളിൽ നിന്നുള്ള ആളുകളും വൈദികരും പങ്കെടുത്തു.ആലക്കോട് ന്യൂ ബസാറിൽ നടത്തിയ പൊതുസമ്മേളനം തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.ടോണി ജോസഫ് പുഞ്ചക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു.കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ജനറൽസെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.അതിരുപതാ ഡയറക്ടർ ഡോ.ഫിലിപ്പ് കവിയിൽ സ്വാഗതം പറഞ്ഞു.