വേനലവധി തുടങ്ങാൻ ദിവസങ്ങൾ മാത്രം; എന്നിട്ടും ഉച്ചക്കഞ്ഞിക്കാശില്ല

Saturday 18 March 2023 8:52 PM IST

കണ്ണൂർ: വേനലവധിക്കായി സ്കൂൾ അടക്കാൻ രണ്ടാഴ്ച മാത്രം ബാക്കിയിരിക്കെ ഉച്ചഭക്ഷണ ഫണ്ട് അനുവദിച്ചു കിട്ടാനുള്ള പ്രധാനാദ്ധ്യാപകരുടെ നെട്ടോട്ടം തുടരുന്നു. പി.ടി.എയും പ്രധാനാദ്ധ്യാപകരും അദ്ധ്യാപകരും കൈയിൽനിന്ന് ചിലവഴിച്ച തുക ഈ മാർച്ചിലെങ്കിലും കിട്ടുമോയെന്ന് ഇനിയും തീർച്ചയായിട്ടില്ല.

ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ഉച്ചഭക്ഷണ ഫണ്ട് ഇപ്പോഴും കുടിശികയാണ്.ഇതിനകം പല സ്‌കൂൾ അധികൃതർക്കും ഈയിനത്തിൽ ലക്ഷങ്ങളുടെ ബാദ്ധ്യതയുണ്ട്. ഈ നിലയിൽ ഇനി മുന്നോട്ടു പോകാനാവില്ലെന്നാണ് സ്‌കൂൾ അധികൃതരുടെ നിലപാട്. സർവസാധനങ്ങൾക്കും വില വർദ്ധിച്ചപ്പോഴും വർഷങ്ങൾക്കു മുമ്പ് നിശ്ചയിച്ച ഫണ്ടാണ് ഇന്നും തുടരുന്നത്.

പച്ചക്കറികളും പലവ്യഞ്ജനങ്ങളും വാങ്ങുന്ന കടകളിൽ വലിയ തുക കുടിശികയായതിനാൽ പല വ്യാപാരികളും സാധനങ്ങൾ നൽകുന്നത് നിർത്തി.

കൈയൊഴിഞ്ഞ് പി.ടി.എകൾ

പി.ടി.എകൾ ആദ്യം സഹകരിച്ചിരുന്നെങ്കിലും ഫണ്ട് തീർന്നതോടെ ഉത്തരവാദിത്തം പ്രധാനാദ്ധ്യാപകന്റെ മാത്രം ചുമതലയായി മാറി. പലരും ലോണെടുത്തും മറ്റുമാണ് ഇപ്പോൾ പദ്ധതി നടത്തിക്കൊണ്ടു പോകുന്നത്.ഉച്ചഭക്ഷണമുണ്ടാക്കുന്ന പാചക തൊഴിലാളികൾക്ക് നവംബറിനുശേഷം കൂലി ലഭിച്ചിട്ടില്ല.കേന്ദ്രസംസ്ഥാന സർക്കാരുകൾ ചേർന്നാണ് ഉച്ചഭക്ഷണത്തിനുള്ള ഫണ്ട് അനുവദിക്കുന്നത്.

കേന്ദ്ര സർക്കാർ അറുപത് ശതമാനവും സംസ്ഥാന സർക്കാർ 40 ശതമാനവുമാണ് ഇതിന്റെ ചെലവിനായി നൽകേണ്ടത്. കേന്ദ്ര ഫണ്ട് കൃത്യമായി ലഭിക്കാത്തതാണ് ഫണ്ട് അനുവദിക്കുന്നതിന് തടസമാകുന്നെതെന്നാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം.

പദ്ധതി തുടങ്ങിയത് 1995 മുതൽ
1995 മുതലാണ് കേരളത്തിൽ ഉച്ച ഭക്ഷണ പദ്ധതി നടപ്പിലാക്കി തുടങ്ങിയത്. എന്നാൽ, സ്‌കൂളുകൾക്ക് ഈ ഇനത്തിൽ 2016ലാണ് എറ്റവും അവസാനമായി തുക അനുവദിച്ചത്. ഏഴ് വർഷവും പിന്നിടുമ്പോഴും തുച്ഛമായ തുകക്ക് പദ്ധതി നടത്തികൊണ്ടുപോകേണ്ടത് സ്‌കൂളുകളുടെ ബാദ്ധ്യതയായി തീർന്നിരിക്കുകയാണ്. സാമ്പത്തിക ബാദ്ധ്യതക്ക് മിക്കപ്പോഴും പ്രധാനാദ്ധ്യാപകൻ ഉത്തരം പറയേണ്ട സ്ഥിതിയാണ്.

സർക്കാർ കണക്കിൽ

12200 സ്കൂളുകൾ

29.5 ലക്ഷം കുട്ടികൾ

150 കുട്ടികൾ വരെ ഒരാൾക്ക് 8 രൂപ

150 മുതൽ 500 വരെ 7 രൂപ
500 മുതൽ മുകളിൽ 6 രൂപ

ബാദ്ധ്യത ഇരട്ടിയാക്കി മുട്ടയും പാലും
ഉച്ച ഭക്ഷണത്തിന് പുറമെ ആഴ്ചയിൽ ഒരു കോഴി മുട്ടയും രണ്ട് ദിവസങ്ങളിലായി 300 മില്ലി പാലും കുട്ടികൾക്ക് നൽകണം.

സർക്കാറിന്റെ സമഗ്രപോഷകാഹാര പദ്ധതിയുടെ ഭാഗമായാണ് കുട്ടികൾക്ക് പാലും മുട്ടയും നൽകുന്നത്. ഇതിന് സർക്കാർ പ്രത്യേകമായി തുക വകയിരുത്തിയിട്ടുമില്ല. ഇതും ഇരട്ടി ഭാരമാണ് സ്‌കൂളുകൾക്ക്. തുച്ഛമായ തുക നൽകിയിട്ടും പയറും പച്ചക്കറിയും അടക്കമുള്ള പോഷക സമൃദ്ധമായ ആഹാരം ദിവസവും നൽകണമെന്നാണ് സർക്കാർ നിർദേശം.

ചിലവുകൾക്ക് പുറമെ പാചക തൊഴിലാളികൾക്കുള്ള വേതനവും ഈ തുകയിൽ നിന്നുവേണം കണ്ടെത്താൻ. ഇത്തരത്തിൽ പദ്ധതിക്ക് ആവശ്യമായ തുക അനുവദിക്കാതെ ഭാരം പ്രധാനാദ്ധ്യാപകരുടെ മേൽ അടിച്ചേൽപ്പിച്ച് കടക്കെണിയിലാക്കുകയാണ്.

ജി. സുനിൽകുമാർ, ജനറൽ സെക്രട്ടറി, കേരള പ്രദേശ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ

Advertisement
Advertisement