കൊടുങ്ങൂരിൽ പെൺപൂരം, അണിനിരക്കാൻ 9 പിടിയാനകൾ

Sunday 19 March 2023 1:55 AM IST

കൊടുങ്ങൂർ: ഇത്തവണ കൊടുങ്ങൂർ പൂരത്തിൽ പുതുചരിത്രം പിറക്കും. കേരളത്തിലെ ലക്ഷണതികവാർന്ന ഒൻപതു പിടിയാനകൾ അണിനിരക്കുന്ന പെൺപൂരമാണ് കൊടുങ്ങൂർ ദേവീക്ഷേത്ര ഉത്സവത്തി​ന്റെ പ്രധാന ആകർഷണം. തോട്ടയ്ക്കാട് പഞ്ചാലി, ഗുരുവായൂർ ദേവി, പ്ലാത്തോട്ടം മീര, വേണാട്ടു മറ്റം കല്യാണി, തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി, പ്ലാത്തോട്ടം ബീന, കുമാരനെല്ലൂർ പുഷ്പ, മഹാലക്ഷ്മി പാർവതി, വേണാട്ടുമറ്റം ചെമ്പകം എന്നീ ആനകളാണ് പൂരത്തിൽ പങ്കെടുക്കുക. ഏപ്രിൽ നാലിനാണ് പൂരം. ക്ഷേത്ര മൈതാനിയിൽ ഗജമേളയും ആനയൂട്ടും നടക്കും. ആടയാഭരണങ്ങൾ ഇല്ലാതെ പിടിയാന ചന്തം ആസ്വദിക്കാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആനപ്രേമികൾ എത്തുമെന്നാണ് പ്രതീക്ഷ. ഗജമേളയ്ക്കും, ആറാട്ട് എഴുന്നള്ളിപ്പിനുമായി വിപുലമായ ക്രമീകരണമാണ് ക്ഷേത്രത്തിൽ ഒരുക്കുന്നത്. പിടിയാനകളെ മാത്രമാണ് കൊടുങ്ങൂർ ക്ഷേത്രത്തിൽ എഴുന്നള്ളിക്കാറ്.