നഗരഹൃദയം ചുവപ്പിച്ച് ജനകീയ പ്രതിരോധ യാത്ര

Sunday 19 March 2023 3:04 AM IST

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും വർഗീയതയ്ക്കുമെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്ര ഇന്നലെ പുത്തരിക്കണ്ടം മൈതാനത്ത് സമാപിച്ചപ്പോൾ തലസ്ഥാനം ചുവപ്പണിഞ്ഞു. മുതിർന്നവരും കുട്ടികളുമടക്കം സമാപന സമ്മേളനത്തിൽ പതിനായിരങ്ങൾ അണിനിരന്നു.

തമ്പാനൂർ ആർ.എം.എസിന് മുമ്പിൽ നിന്ന് പ്രകടനമായെത്തിയ ജാഥയിൽ ഉദ്ഘാടകനായ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും എം.വി. ഗോവിന്ദനും തുറന്ന ജീപ്പിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തു. ഉച്ചമുതലേ ഓവർബ്രിഡ്ജ്, കിഴക്കേകോട്ട റോഡുകളിൽ സി.പി.എം പ്രവർത്തകരും അനുഭാവികളും തിങ്ങിനിറഞ്ഞിരുന്നു. കൊടിതോരണങ്ങളും മുദ്രാവാക്യം വിളികളുമായി അണികൾ അത്യന്തം ആവേശത്തിലായിരുന്നു. പ്രവർത്തകരെ നിയന്ത്രിക്കാൻ റെഡ് വോളന്റിയർമാർ പാടുപെട്ടു. ജാഥ പുത്തരിക്കണ്ടത്ത് എത്തിയതോടെ ജനസാഗരം മുഷ്ടി ചുരുട്ടി ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി നേതാക്കളെ സ്വീകരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി, മന്ത്രി വി.ശിവൻകുട്ടി, എം.എൽ.എമാരായ വി.കെ.പ്രശാന്ത്, കടകംപള്ളി സുരേന്ദ്രൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആനാവൂർ നാഗപ്പൻ, എം.വിജയകുമാർ,​ ടി.എൻ.സീമ,​ എ.എ.റഹീം എം.പി തുടങ്ങിയവരും ജില്ലാസെക്രട്ടേറിയറ്റ് അംഗങ്ങളും മുൻനിരയിൽ അണിനിരന്നു. നേതാക്കളുടെ പ്രസംഗങ്ങൾ കൈയടികളോടെയാണ് അണികൾ സ്വീകരിച്ചത്.

 ആവേശോജ്ജ്വല സ്വീകരണങ്ങൾ

ഇന്നലെ രാവിലെ പേയാട്ട് നിന്നാരംഭിച്ച ജാഥ മലയിൻകീഴ്, കാട്ടാക്കട, മണ്ഡപത്തിൻകടവ് വഴി പെരുങ്കടവിളയിലെത്തി. കുന്നത്തുകാലിലെ സ്വീകരണത്തിൽ പ്രവർത്തകർ ഒഴുകിയെത്തി. രാവിലെ മുതലേ മലയോര മേഖലകളിൽ നിന്നു പ്രവർത്തകർ പ്രകടനമായി എത്തിയിരുന്നു. 12ഓടെ എത്തിയ ജാഥയെ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം എൻ.രതീന്ദ്രന്റെ നേതൃത്വത്തിൽ വനിതകളുടെയും റെഡ് വോളന്റിയർമാരുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ചു. വെള്ളറട ഏരിയാ സെക്രട്ടറി ഡി.കെ.ശശി,​ പാറശാല ഏരിയ സെക്രട്ടറി അഡ്വ. അജയൻ തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് ധനുവച്ചപുരം വഴി നെയ്യാറ്റിൻകരയിലെത്തിയ ജാഥയ്ക്ക് ആശുപത്രി ജംഗ്ഷനിൽ സ്വീകരണം നൽകി. ഏരിയാ സെക്രട്ടറി ടി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.ആൻസലൻ എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ പി.കെ.രാജ്മോഹൻ തുടങ്ങിയവർ പങ്കെടുത്തു. കാഞ്ഞിരംകുളത്തെ സ്വീകരണത്തിന് ഉത്സവലഹരിയായിരുന്നു. പഴയകട ജംഗ്ഷനിൽ നിന്ന് നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ജാഥ ബൈപാസിലെത്തി. സംഘാടകസമിതി ചെയർമാനും മണ്ഡലം സെക്രട്ടറിയുമായ അഡ്വ. പി.എസ്. ഹരികുമാർ ജാഥയെ സ്വീകരിച്ചു. ചെണ്ടമേളം, റെഡ് വോളന്റിയർ, ബാന്റ് മേളം, പൂക്കാവടി, ചുവപ്പ് സാരി അണിഞ്ഞ അഞ്ഞൂറോളം വനിതകൾ, കുട്ടികളുടെ റോളർ സ്കേറ്റിംഗ് എന്നിവ സ്വീകരണത്തിന് മാറ്റുകൂട്ടി. കോവളം,​ ബാലരാമപുരം,​നേമം,​കരമന എന്നിവിടങ്ങളിലും സ്വീകരണമൊരുക്കിയിരുന്നു.

Advertisement
Advertisement