മഞ്ജു വാര്യർക്ക് പിന്നാലെ റൈഡിനൊരുങ്ങി സൗബിൻ

Sunday 19 March 2023 6:16 AM IST

കുടുംബത്തിനൊപ്പം പുതിയ ബൈക്ക് സ്വന്തമാക്കാൻ എത്തിയ സൗബിൻ ഷാഹിറിന്റെ വീഡിയോ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു. ബി.എം.ഡബ്ളിയു ജി.എസ് ട്രോഫി എഡിഷൻ ആർ 1250 ജി.എസ് ആണ് സൗബിൻ സ്വന്തമാക്കിയത്. മഞ്ജു വാര്യർ റൈഡിനായി തിരഞ്ഞെടുത്തത് ഇതേ ബൈക്കായിരുന്നു. ഭാര്യ ജാമിയ, മകൻ ഒർഹാൻ എന്നിവരോടൊപ്പമാണ് സൗബിൻ എത്തിയത്. ബൈക്കിലിരുന്ന് താരം റൈഡ് ചെയ്യുന്നത് വീഡിയോയിൽ കാണാം. അതേസമയം രോമാഞ്ചം ആണ് സൗബിൻ നായകനായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. രണ്ടര കോടിയിൽ നിർമ്മിച്ച ചിത്രം 50 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. മഞ്ജു വാര്യർക്കൊപ്പം വെള്ളരിപ്പട്ടണം ആണ് റിലീസിന് ഒരുങ്ങുന്ന സൗബിൻ ചിത്രം. മാർച്ച് 24ന് ചിത്രം റിലീസ് ചെയ്യും. നവാഗതനായ മഹേഷ് വെട്ടിയാർ ആണ് സംവിധാനം. വി.കെ. പ്രകാശിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ലൈവ് എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ സൗബിൻ എത്തുന്നുണ്ട്. ഷൈൻ ടോം ചാക്കോ, മംമ്‌ത മോഹൻദാസ്, പ്രിയ വാര്യർ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.