സഫ്‌നയെ വളഞ്ഞിട്ട് ആക്രമിച്ചവർ ഇന്നും വിലസുന്നു; യൂണിറ്റ് നിയന്ത്രിക്കുന്നത് പുറത്തുള്ളവർ

Sunday 19 March 2023 12:22 AM IST

തിരുവനന്തപുരം: ലാ കോളേജിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായിരുന്ന സഫ്‌നയെ നിലത്തിട്ട് ചവിട്ടിയ ശേഷം റോഡിലൂടെ വലിച്ചിഴച്ച എസ്.എഫ്.ഐ പ്രവർത്തകരും അവരെ പിന്തുണച്ചവരും ഇന്നും കാമ്പസിൽ വിലസുന്നു. ഒരുവർഷം മുമ്പ് നടന്ന സംഭവത്തിൽ സഫ്‌നയ്‌ക്കെതിരെ അഴിച്ചുവിട്ട ആക്രമണം സാമൂഹ്യമാദ്ധ്യമങ്ങളിൽ അടക്കം വൈറലായതോടെ എസ്.എഫ്.ഐ പ്രവർത്തകരെ കോളേജിൽ നിന്നും സസ്‌പെൻഡ് ചെയ്‌തിരുന്നു. മ്യൂസിയം പൊലീസ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്‌ത കേസ് പിന്നീട് മരവിച്ചു.

സസ്‌പെൻഷൻ ലഭിച്ചവർ അധികാരത്തിന്റെ തണലിൽ കോളേജിൽ തിരികെ പ്രവേശിച്ചു, പഠനം പൂർത്തിയാക്കി പുറത്തിറങ്ങി. എങ്കിലും അതേ സംഘത്തിൽ ഉൾപ്പെട്ടവർ തന്നെയാണ് ഇപ്പോഴും എസ്.എഫ്.ഐയെ കോളേജിൽ നിയന്ത്രിക്കുന്നത്. അധികൃതർ കർശന നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ വീണ്ടുമൊരു ആക്രമണം ഉണ്ടാകില്ലെന്നായിരുന്നു വിദ്യാർത്ഥികൾ പറയുന്നത്. അന്ന് ആക്രമണം നയിച്ചവർ തന്നെയാണ് ഇപ്പോഴും അണിയറയ്‌ക്ക് പിന്നിലും മുന്നിലുമുണ്ടായിരുന്നത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒന്നാംവർഷ വിദ്യാർത്ഥിയും കെ.എസ്.യു പ്രവർത്തകനുമായ ഗ്രേസ് ക്രൂരമായ മർദ്ദനത്തിന് ഇരയായി. കഴുത്തിന് കുത്തിപിടിച്ച് ഗ്രേസിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാനെത്തിയ വിദ്യാർത്ഥികളായ ക്രിസ്റ്റീന,എയ്‌ഞ്ചലീന, ആതിര എന്നിവർക്കും മർദ്ദനമേറ്റു. ഇതിൽ എയ്ഞ്ചലീനയ്‌ക്ക് ശ്വാസതടസമുണ്ടാവുകയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. വിദ്യാർത്ഥികൾ പ്രിൻസിപ്പലിന് നൽകിയ പരാതി അന്വേഷണ കമ്മിഷന് വിട്ടിരിക്കുകയാണ്. കോളേജിന് പുറത്തുളള എസ്.എഫ്.ഐക്കാർ അർദ്ധരാത്രിയും കാമ്പസിനുളളിൽ തമ്പടിക്കാറുണ്ട്. കാമ്പസിലെ ഹോസ്റ്റലിൽ താമസിക്കുന്നത് ഭീതിയോടെയാണെന്നും എസ്.എഫ്.ഐക്കാരുടെ റാഗിംഗിന് പരിധിയില്ലെന്നും വിദ്യാർത്ഥിനികൾ പറയുന്നു.