ഇടപെട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ മീനച്ചിലാർ വൃത്തിയാക്കൽ ത്രിശങ്കുവിൽ .

Sunday 19 March 2023 1:29 AM IST

കോട്ടയം : മീനച്ചിലാറ്റിൽ നടത്തുന്ന എന്ത് ഇടപെടലും ജൈവവൈവിദ്ധ്യ ബോർഡിന്റെയും കേന്ദ്ര - സംസ്ഥാന വനം മന്ത്രാലയത്തിന്റെയും നിർദ്ദേശങ്ങൾ അനുസരിച്ചേ നടത്താവൂവെന്ന ദേശീയ ഹരിതട്രൈബ്യൂണൽ ഉത്തരവിട്ടതോടെ മീനച്ചിലാർ വൃത്തിയാക്കൽ ത്രിശങ്കുവിലായി.
മീനച്ചിൽ നദീ തീരത്തുള്ള ജൈവവൈവിദ്ധ്യം നിലനിറുത്തിക്കൊണ്ടും നദിയുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചും മാത്രമേ വെള്ളപ്പൊക്ക നിവാരണ പ്രവർത്തനങ്ങൾ നടത്താവൂവെന്നാണ് സതേൺ റീജിയണൽ ജഡ്ജി പുഷ്പ സത്യ നാരായണയുടെ ഉത്തരവ്. വിദഗ്ദ്ധ സമിതി ശാസ്ത്രീയ പഠനം നടത്തണമെന്നും ത്രിതല പഞ്ചായത്തുകളിലെ ജൈവവൈവിദ്ധ്യ പരിപാലന സമിതികൾക്കായിരിക്കും മീനച്ചിലാറിന്റെ തീരസംരക്ഷണത്തിന്റെ തുടർ ഉത്തരവാദിത്തമെന്നും ഉത്തരവിൽ പറയുന്നു. നീലിമംഗലം ഭാഗത്ത് മീനച്ചിലാറ്റിലെ തടസങ്ങൾ മാറ്റുന്ന ജോലി നദിയുടെ സന്തുലിതാവസ്ഥയെയും പരിസ്ഥിതിയെയും തകർക്കുമെന്നാരോപിച്ച് മീനച്ചിൽ നദീ സംരക്ഷണ സമിതിയും പ്രദേശവാസികളും രംഗത്തെത്തിയതോടെ കളക്ടർ ദുരന്ത നിവാരണ നിയമ ഉത്തരവ് ഇറക്കിയാണ് ഇതിനെ മറികടന്നത്. തുടർന്നാണ് കോട്ടയം നേച്ചർ സൊസൈറ്റിയും പരിസ്ഥിതി പ്രവർത്തകനായ ഏബ്രഹാം മാത്യുവും ഹരിതട്രൈബ്യൂണലിനെ സമീപിച്ചത്. ട്രൈബ്യൂണലിന് മുന്നിൽ പരാതി നിലനിൽക്കെയാണ് കളക്ടർ അമിതാധികാര പ്രയോഗം നടത്തിയെന്ന് ആക്ഷേപം ഉയർന്നിരുന്നു. ആറ്റിൽ നിന്ന് ശേഖരിച്ച മണൽ ഇ-ടെൻഡർ വഴി ലേലം ചെയ്യാനുള്ള നടപടികളും ആരംഭിച്ചിരുന്നു.

പദ്ധതി കോ-ഓർഡിനേറ്റർ അഡ്വ.കെ.അനിൽകുമാർ പറയുന്നു.

ഹരിത ട്രൈബ്യൂണൽ ഉത്തരവ് എതിരല്ല. തടസങ്ങൾ നീക്കി മീനച്ചിലാറ്റിലുള്ള തുരുത്തുകൾ നീക്കം ചെയ്യാനാണ് തീരുമാനം.

പരിസ്ഥിതി പ്രവർത്തകൻ ഡോ.ബി.ശ്രീകുമാർ പറയുന്നു.

ദേശീയ ഹരിത ട്രൈബ്യൂണൽ വിധി മാനിച്ച് മീനച്ചിലാറ്റിൽ ഇപ്പോൾ നടന്നുവരുന്ന പ്രവർത്തനങ്ങൾ അടിയന്തിരമായി നിറുത്തിവയ്ക്കാൻ കളക്ടറും ജലസേചന വകുപ്പും തയ്യാറാകണം.

Advertisement
Advertisement