ഇ.എം.എസിന്റെ വിയോഗത്തിന് ഇന്ന് 25: ഒളിവിലെ ഓർമ്മകളിൽ പെരളശ്ശേരി

Saturday 18 March 2023 9:38 PM IST

കണ്ണൂർ: എ.കെ.ജിയുടെ ജന്മനാടായ പെരളശ്ശേരിയുമായി ഇ. എം. എസിന് അടുത്ത ആത്മബന്ധമുണ്ട്. കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടിയിരുന്ന കാലത്ത് ഇ. എം.എസ് രണ്ടു വർഷത്തോളം ഒളിവിൽ കഴിഞ്ഞ പ്രദേശം കൂടിയാണിത്.1939ൽ പിണറായി പാറപ്രത്ത് കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണ സമ്മേളനം നടക്കുന്ന കാലം. അതിനു തൊട്ടടുത്ത് അഞ്ചരക്കണ്ടി പുഴയ്ക്ക് ഇപ്പുറത്തുള്ള ചെറുമാവിലായി എന്ന ഗ്രാമത്തിൽ ഒളിവിൽ താമസിച്ചാണ് ഇ. എം. എസ് രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്നത്.

ബ്രിട്ടീഷ് പൊലീസ് കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടിയിരുന്ന കാലമായിരുന്നു. പൊലീസുകാരുടെ ബൂട്ടിട്ട ശബ്ദം എന്നും ഇവിടെയുള്ളവരുടെ ഉറക്കം കെടുത്തിയിരുന്നു.പെരളശ്ശേരിക്കടുത്ത ചെറുമാവിലായിയിലെ നള്ളക്കണ്ടി കുടിലിലാണ് ഇ. എം.എസ് തന്റെ ഒളിവ് ജീവിതം നയിച്ചിരുന്നത്. ഒളിവ് ജീവിതം തുടങ്ങിയപ്പോൾ ഗൃഹനാഥനായ പൊക്കനും ഭാര്യയും അത് ഇ. എം.എസ് ആണെന്ന് അറിഞ്ഞിരുന്നില്ല .

ഇ. എം.എസിന്റെ ദിനചര്യയിൽ അനിവാര്യമായ ഒന്നായിരുന്നു പത്രം വായന. പ്രത്യേകിച്ച് ദ ഹിന്ദു പത്രം. ദ ഹിന്ദു പത്രം വേണമെന്ന് ഇ. എം.എസ് നിർബന്ധം പിടിച്ചപ്പോൾ എങ്ങനെ എത്തിക്കുമെന്നായി പൊക്കനും മറ്റും. ഇംഗ്ളീഷ് പത്രം അന്ന് പെരളശ്ശേരിയിൽ വന്നിരുന്നില്ല. എന്നാൽ, പത്രം കൊടുക്കുന്നത് പൊലീസ് അറിഞ്ഞാൽ ഇ.എം.എസ് പിടിയിലാകുമെന്നും അവർക്ക് അറിയാമായിരുന്നു.

പി.കൃഷ്ണപിള്ളയാണ് ഇതിനൊരു ഉപായം കണ്ടെത്തിയത്. ഇവിടെ ഒരു വായനശാല സ്ഥാപിക്കുക. എന്നിട്ട് പത്രം ഇ. എം. എസിന് എത്തിക്കുക. അങ്ങനെയാണ് ചെറുമാവിലായിയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ പൊതുജനവായനശാല തുടങ്ങുന്നത്. വായനശാലയിൽ വരുന്ന ഹിന്ദുപത്രം രാത്രിയിൽ ചൂട്ട് കത്തിച്ചാണ് അന്നത്തെ സഖാക്കൾ ചെറുമാവിലായിയിലെ പൊക്കന്റെ വീട്ടിൽ എത്തിച്ചിരുന്നത്.

മീൻകറിയിലും പരിഭവമില്ലാതെ

പൊക്കന്റെ കുടിലിൽ മിക്കവാറും മത്സ്യക്കറിയായിരിക്കും. ചിലപ്പോൾ ഉണക്കമീനും. ഇ.എം.എസ് നമ്പൂതിരിയാണെന്ന് അറിയാതെ ആദ്യദിവസം തന്നെ ചോറും മീൻകറിയും അദ്ദേഹത്തിന് കൊടുത്തു. ഇ.എം.എസ് അതിൽ യാതൊരു സങ്കോചവും പ്രകടിപ്പിച്ചില്ല. പരിചിതനെപ്പോലെ മീൻകറി കൂട്ടി ഉണ്ടു.
മീൻ കറിയായാലും മറ്റെന്തു ഭക്ഷണമായാലും പൊക്കൻ നൽകിയത് വളരെ സ്‌നേഹത്തോടെയായിരുന്നു. ആഹാരത്തിനെല്ലാം സ്‌നേഹത്തിന്റെ രുചിയായിരുന്നു. പൊക്കന്റെ മകൻ കുഞ്ഞിരാമൻ ഒരു ദിവസം പത്രം വായിക്കുകയായിരുന്നു. പത്രത്തിൽ ഒരു പരസ്യം. '100 രൂപ സമ്മാനം.... ഇയാളെ അറസ്റ്റ് ചെയ്യാനുള്ള വിവരം നൽകുന്നവർക്ക് 100 രൂപ സമ്മാനം നൽകുന്നതാണ്. ആളുടെ പേര് ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്." ഫോട്ടോയും ഉണ്ട്.
പരസ്യം പിന്നെയും പിന്നെയും വന്നുകൊണ്ടിരുന്നു. സമ്മാനത്തുക 100ൽ നിന്ന് 1000 ആയി വർദ്ധിച്ചു. ആയിരം എന്നു വച്ചാൽ ഇന്നത്തെ ഒരു കോടി, പൊക്കനും കുഞ്ഞിരാമനും ഇ.എം.എസ്സിന്റെ മുന്നിൽ വന്നു നിന്നു...
'സഖാവ് പത്രത്തിലെ പരസ്യം കണ്ടോ?'

'കണ്ടു. എന്തു തോന്നുന്നു, ഇപ്പോഴെന്നെ പിടിച്ചുകൊടുത്താൽ ആയിരം രൂപ കിട്ടും.'
'അയ്യോ... അങ്ങനെയൊന്നും പറയരുതേ... ആയിരമല്ല ലക്ഷം തന്നാലും പൊക്കന്റെ മനസ്സ് മാറില്ല. ജീവൻ പോയാലും കാട്ടിക്കൊടുക്കില്ല." എന്നായിരുന്നു മറുപടി.

ഇ. എം. എസ് തന്റെ ആത്മകഥയിലും മറ്റും പൊക്കനെയും കുടുംബത്തെയും വാനോളം വാഴ്ത്തി നിരവധി തവണ എഴുതിയിട്ടുണ്ട്.

Advertisement
Advertisement