പീഡന ശ്രമം ചെറുത്തു, തലചുവരിലിടിച്ച് കൊല്ലാൻ നോക്കി; പേട്ട പൊലീസിലറിയിച്ചിട്ടും കേസെടുത്തത് മൂന്ന് ദിവസം കഴിഞ്ഞ്

Sunday 19 March 2023 2:52 AM IST

തിരുവനന്തപുരം: പേട്ട പൊലീസ് സ്റ്റേഷന് മൂക്കിൻതുമ്പിൽ സ്ത്രീ ആക്രമിക്കപ്പെട്ടിട്ട് പൊലീസ് കേസെടുത്ത് അന്വേഷിക്കാൻ തയാറായത് മൂന്ന് ദിവസങ്ങൾക്ക് ശേഷം. അതിനും അക്രമിക്കപ്പെട്ട സ്ത്രീ പൊലീസ് കമ്മിഷണർക്ക് പരാതി നൽകേണ്ടിവന്നു. പാറ്റൂർ മൂലവിളാകം സ്വദേശിയായ 49കാരിയാണ് പേട്ട പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ 13ന് രാത്രി 11ന് വീടിന് 50 മീറ്റർ അകലെ വച്ചായിരുന്നു അജ്ഞാതന്റെ ആക്രമണം. പീഡനശ്രമം ചെറുത്തതോടെ പ്രതി അവരെ മാരകമായി ദേഹോപദ്രവം ഏൽപ്പിച്ച് കടന്നുകളയുകയായിരുന്നു. പൊലീസിൽ അറിയിച്ചിട്ടും സ്റ്റേഷനിലെത്തി പരാതി കൊടുക്കാനായിരുന്നു മറുപടി. 13 വർഷമായി തനിച്ച് താമസിക്കുകയാണ് 49കാരി. ഇടയ്‌ക്ക് വന്നുപോകുന്ന മകൾ ജോലി സംബന്ധമായി വ‌ർഷങ്ങളായി ഡൽഹിയിലാണ്.

സ്ത്രീയുടെ വാക്കുകൾ: 'കടുത്ത തലവേദനയെ തുടർന്നാണ് രാത്രി 11ഓടെ മരുന്നു വാങ്ങാനിറങ്ങിയത്. പണമെടുക്കാൻ മറന്നതോടെ തിരികെ വീട്ടിലേക്ക് വരുമ്പോൾ ആരോ പിന്തുടരുന്നതായി തോന്നി. സ്കൂട്ടറിന് വേഗത കൂട്ടിയെങ്കിലും വീടിന് 50 മീറ്റർ അകലെ വച്ച് ഹോണ്ട ആക്ടീവയിലെത്തിയ 35 വയസ് പ്രായം തോന്നിക്കുന്നൊരാൾ സ്കൂട്ടർ തടഞ്ഞുനിറുത്തി കയറിപ്പിടിക്കാൻ ശ്രമിച്ചു. ബഹളംവച്ചപ്പോൾ തലപിടിച്ചു രണ്ടുതവണ ചുവരിലിടിച്ച് പരിക്കേൽപ്പിക്കുകയും മുഖത്തും കണ്ണിലും കഴുത്തിലുമൊക്കെ മാന്തി മുറിവേൽപ്പിക്കുകയും ചെയ്തു. 'നിന്നെ തൊട്ടാ നീ എന്തു ചെയ്യുമെടീ' എന്ന് ചോദിച്ചായിരുന്നു അക്രമം.

കൈയിൽ കിട്ടിയ കരിങ്കല്ല് കഷ്ണം കൊണ്ട് തിരികെ തല്ലിയപ്പോൾ അയാൾ സ്കൂട്ടറിൽ കയറി രക്ഷപ്പെട്ടു. തൊട്ടടുത്തുള്ള കമ്പ്യൂട്ടർ സ്ഥാപനത്തിലെ സെക്യൂരിറ്റി നിലവിളി ശബ്ദം കേട്ടെങ്കിലും തിരിഞ്ഞു നോക്കിയില്ല. വല്ലവിധേനയും വീട്ടിലെത്തി മകളോട് കാര്യം പറഞ്ഞു. ഉടൻ പേട്ട സ്റ്റേഷനിലേക്ക് വിളിച്ചെങ്കിലും ഒരു സഹായവും കിട്ടിയില്ല. മകൾ തന്നെ അമ്മയെ ആശുപത്രിയിലെത്തിച്ചു. തലയ്‌ക്ക് ഇടി കൊണ്ടതിനാൽ കണ്ണൊക്കെ കലങ്ങിപ്പോയിരുന്നു. ഇതിനിടെ അർദ്ധരാത്രി 12ഓടെ പേട്ട സ്റ്റേഷനിൽ നിന്നു വിളിച്ചിട്ട് മകളോട് സ്റ്റേഷനിൽ ചെന്ന് പരാതി കൊടുക്കാൻ പറഞ്ഞു. മറ്റാരും സഹായത്തിനില്ലെന്നും അമ്മയെ തനിച്ചാക്കി വരാനാവില്ലെന്നും മകൾ അറിയിച്ചു. പിന്നെ ഒരന്വേഷണവുമുണ്ടായില്ല. പരിക്കുകൾ കുറച്ച് ഭേദമായ ശേഷം വ്യാഴാഴ്ചയോടെ കമ്മിഷണർക്ക് നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. അതിനു ശേഷമാണ് പേട്ട പൊലീസ് സി.സി.ടിവി പരിശോധിക്കാൻ പോലും തയാറായത്. പ്രിയനാട്ടിൽ ഇനിയും തുടരാനാകില്ല, മരിച്ചാലേ ഇവർ നടപടിയെടുക്കൂ- അവർ പറഞ്ഞു. മകൾക്കൊപ്പം ഡൽഹിക്ക് പോകാനാണ് ഇവരുടെ തീരുമാനം.

Advertisement
Advertisement