സ്വകാര്യ റിസോർട്ടുകളുടെ കനിവിൽ ജലക്ഷാമം തീർന്നു; റാണിപുരം ഇക്കോ പാർക്ക് ഇന്ന് തുറക്കും

Saturday 18 March 2023 9:58 PM IST

കാസർകോട് : റാണീപുരത്തെ സ്വകാര്യ, സർക്കാർ റിസോർട്ടുകളും കച്ചവടക്കാരും കനിഞ്ഞതോടെ വിനോദസഞ്ചാര കേന്ദ്രത്തിലെ ജലദൗർലഭ്യത്തിന് പരിഹാരമായി. ഇതോടെ ഇന്നുമുതൽ റാണിപുരം ഇക്കോ ടൂറിസം പാർക്ക് വിനോദ സഞ്ചാരികൾക്കായി തുറന്നു നൽകുമെന്ന് അധികൃതർ അറിയിച്ചു.

കുന്നിൻ മുകളിൽ വനം വകുപ്പിന്റെ അധീനതയിലുള്ള ഇക്കോ സിസ്റ്റത്തിലെ ജലക്ഷാമം കാരണം മാർച്ച് എട്ടിനാണ് വിനോദസഞ്ചാര കേന്ദ്രം പൂട്ടിയത്. വെള്ളം ലഭ്യമാക്കുന്നതിന് കുന്നിൻ മുകളിലെ കാട്ടിനുള്ളിൽ വലിയ കിണർ ഉണ്ട്. പദ്ധതിയിലേക്ക് കുറെ ദിവസം സ്ഥിരമായി പമ്പിംഗ് നടന്നതിനാൽ ഇതിലെ വെള്ളം വറ്റിയിരുന്നു. പാർക്ക് അടച്ചിട്ടതിന് ശേഷം കിണറിന്റെ ആഴം കൂട്ടി. എന്നാൽ ഇതിലൂടെ പൂർണ പരിഹാരമാകാത്തതിനെ തുടർന്ന് ഡി.ടി.പി.സി സ്വകാര്യ സ്ഥാപനങ്ങളെ സമീപിക്കുകയായിരുന്നു. റാണിപുരം ഡി.ടി.പി.സി റിസോർട്ടിന്റെ ചുമതല വഹിക്കുന്ന സൊസൈറ്റി ഭാരവാഹി ഗണേശന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിനെ സന്ദർശിച്ച് അവധിക്കാലം വരുന്നതിന് മുമ്പ് ടൂറിസം കേന്ദ്രം തുറക്കുന്നതിന് മുൻകൈയെടുക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇതോടെ . ജില്ലാ കളക്ടർ, ഡി. എഫ്. ഒ പി ബിജു, കാസർകോട് ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ്

ബോർവെല്ലുകളും കിണറുകളുമുള്ള ഇവിടത്തെ റിസോർട്ട് ഉടമകളും ഹോട്ടലുടമകളും വെള്ളം ടാങ്കറുകളിൽ നിറച്ച് റാണിപുരം കുന്നിന്റെ മുകളിൽ എത്തിക്കാൻ സഹായിക്കാമെന്ന് ഉറപ്പ് നൽകിയത്.

ആളനക്കമില്ലാതെ 12 ദിവസം

ടൂറിസം കേന്ദ്രം അടച്ചിട്ടതോടെ കഴിഞ്ഞ 12 ദിവസമായി വിനോദ സഞ്ചാരികൾ ആരും ഇവിടെ എത്തിയിരുന്നില്ല. ആളുകൾ ഇല്ലാത്തതിന്റെ പേരിൽ ഹോട്ടലുകളും തട്ടുകടകളും ഉൾപ്പെടെ അടച്ചിട്ടിരിക്കുകയാണ്. ഏപ്രിൽ ഒന്നു മുതൽ അവധിക്കാലം ആരംഭിക്കുകയാണ്. അതിനുമുമ്പ് ടൂറിസം കേന്ദ്രം തുറന്നില്ലെങ്കിൽ റിസോർട്ടുകൾ ഉൾപ്പടെ അടച്ചിടേണ്ടിവരുന്ന സാഹചര്യമാണ് വന്നുചേർന്നത്.

കേരളത്തിന്റെ ഊട്ടി

കാഞ്ഞങ്ങാടു നിന്നും 43 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന മനോഹരമായ സ്ഥലമാണ് റാണീപുരം. കടൽനിരപ്പിൽ നിന്നും 750 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജില്ലയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം കേരളത്തിന്റെ ഊട്ടി എന്നാണ് അറിയപ്പെടുന്നത്. മുമ്പ് മാടത്തുമല എന്നറിയപ്പെട്ടിരുന്ന ഇവിടം നിത്യഹരിത ചോലവനങ്ങളും വിശാലമായ പുൽമേടുകളും നിറഞ്ഞതാണ്. പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന സസ്യജന്തുജാലങ്ങളിൽ മിക്കവയും നിറഞ്ഞ ഈ പ്രദേശത്ത് ആന, പുലി, കാട്ടുപന്നി, കുരങ്ങ്, മലയണ്ണാൻ തുടങ്ങിയ മൃഗങ്ങളും അസംഖ്യം കിളികളും ചിത്രശലഭങ്ങളും അപൂർവ ഔഷധ സസ്യങ്ങളുമെല്ലാം അധിവസിക്കുന്നുണ്ട്. പ്രകൃതി സ്‌നേഹികൾക്കും സാഹസിക പ്രേമികൾക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാണിത്.

വെള്ളത്തിന്റെ താൽക്കാലിക ക്ഷാമം പരിഹരിച്ചു ടൂറിസം കേന്ദ്രം അടച്ചിടുന്നത് ഒഴിവാക്കാമായിരുന്നു. കൊവിഡിന് ശേഷം ഒന്ന് പച്ചപ്പിടിച്ചു വന്നപ്പോൾ അടച്ചിട്ടത് കാരണം റിസോർട്ടുകളും കച്ചവട സ്ഥാപനങ്ങളും വലിയ പ്രതിസന്ധിയിലായി.

ഗണേശൻ റാണീപുരം ( ഡി. ടി. പി. സി റീസോർട്ട് നടത്തിപ്പ് ചുമതല വഹിക്കുന്ന ഭാരവാഹി )

Advertisement
Advertisement