ബി എസ് എൻ എൽ തട്ടിപ്പ്; ഗോപിനാഥൻ നടത്തിയത് കോടികളുടെ ഭൂമി ഇടപാട്

Sunday 19 March 2023 12:57 AM IST

തിരുവനന്തപുരം: ബി.എസ്.എൻ.എൽ എൻജിനിയേഴ്സ് സഹകരണ സംഘത്തിലെ നിക്ഷേപത്തട്ടിപ്പിൽ അറസ്റ്റിലായ മുഖ്യപ്രതി എ.ആർ. ഗോപിനാഥൻ നടത്തിയത് കോടികളുടെ ഭൂമി ഇടപാട്. കഴിഞ്ഞ പത്തുകൊല്ലത്തിനിടെ നഗരത്തിലും പുറത്തുമായി വൻതോതിലുള്ള റിയൽ എസ്റ്റേറ്റ് ബിസിനസാണ് നടത്തിയതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായി.

കസ്റ്റഡിയിൽ തുടരുന്ന ഗോപിനാഥനെ ചോദ്യം ചെയ്തതിൽ നിന്നാണ് ജില്ലയിലും പുറത്തുമായി നടത്തിയ റിയൽ എസ്റ്റേറ്റ് ബിസിനസുകളുടെ വിവരങ്ങൾ വെളിപ്പെട്ടത്. അടുത്ത സമയത്ത് നടത്തിയതൊഴികെ വസ്തുക്കളുടെ കൊടുക്കൽ വാങ്ങലുകൾ പലതും കൃത്യമായി ഓർത്തെടുക്കാൻ കഴിയാത്തവിധം ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് സൂചന.

ഇതോടെ ഇടപാടുകളിൽ കൂടുതൽ വ്യക്തതയ്‌ക്കായി ഗോപിനാഥന്റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് ജില്ലാ രജിസ്ട്രാർക്ക് അന്വേഷണസംഘം കത്ത് നൽകി. ഗോപിനാഥന്റെ അടുത്ത സുഹൃത്തും തട്ടിപ്പിലെ പ്രധാന കണ്ണികളിലൊരാളുമായ മണികണ്ഠന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കത്ത് നൽകിയെങ്കിലും അറസ്റ്റ് ഭയന്ന മണികണ്ഠൻ ക്രൈംബ്രാ‌ഞ്ച് ഓഫീസിലെത്തിയില്ല. ഇതോടെ ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ ശക്തമാക്കി. കേസിലെ മറ്റൊരു പ്രതിയായ എ.ആർ. രാജീവിനായുള്ള അന്വേഷണവും ശക്തമാക്കിയിട്ടുണ്ട്. 22 വരെയാണ് ഗോപിനാഥനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

Advertisement
Advertisement