ആനമതിൽ നിർമ്മാണം ഉടൻ തുടങ്ങണം : എം.വി ജയരാജൻ
Saturday 18 March 2023 10:05 PM IST
കണ്ണൂർ :ആറളം ഫാമിൽ കണ്ണാ രഘുവെന്ന യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം ദൗർഭാഗ്യകരമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. രഘുവിന്റെ മൂന്ന് പിഞ്ചുമക്കളുടെ പഠനവും സംരക്ഷണവും സർക്കാർ ഏറ്റെടുക്കണം. കുടുംബത്തിനും ആദിവാസി സമൂഹത്തിനും നേരിട്ട തീരാ നഷ്ടത്തിൽ പങ്ക് ചേരുന്നു. കുടുംബത്തിനുള്ള വനം വകുപ്പ് ധനസഹായം പത്ത് ലക്ഷം രൂപ ഉടൻ നൽകണം. ആറളം ഫാമിന്റെയും ആദിവാസി മേഖലയുടെ സുരക്ഷ ഉറപ്പാക്കാൻ ആനമതിൽ നിർമ്മിക്കാൻ നേരത്തെ തീരുമാനിച്ചതാണ്. 28 കോടി രൂപയുടെ പുതുക്കിയ എസ്‌റ്റിമേറ്റും പ്ലാനും എസ്.ടി വകുപ്പ് സംസ്ഥാന ധനവകുപ്പിന് അയച്ചിട്ടുണ്ട്. എസ്‌റ്റിമേറ്റിന് ധനവകുപ്പ് ഉടൻ അംഗീകാരം നൽകി ആനമതിൽ നിർമ്മാണത്തിന്റെ ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കണമെന്നും ജില്ലാ സെക്രട്ടറി എം. വി ജയരാജൻ ആവശ്യപ്പെട്ടു.