മൂന്ന് തൃശൂരുകാർ മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ലോകകപ്പിന്
Saturday 18 March 2023 10:19 PM IST
തൃശൂർ: മേയ് 18 മുതൽ 21 വരെ ക്രൊയേഷ്യ ആതിഥ്യം വഹിക്കുന്ന മാസ്റ്റേഴ്‌സ് ഹാൻഡ്ബാൾ ലോകകപ്പിൽ ആദ്യമായി പങ്കെടുക്കാൻ അവസരം ലഭിച്ച ഇന്ത്യൻ ടീമിൽ തൃശൂരിൽ നിന്ന് മൂന്ന് പേർ ഇടം നേടി. അയ്യന്തോൾ സ്വദേശി എം.ജി.അരുൺ റാവു (36), ഇരിങ്ങാലക്കുട സ്വദേശികളായ ജിമ്മി ജോയ് (37), ജെനിൽ ജോൺ (40) എന്നിവരാണ് രാജ്യത്തിനായി കളത്തിലിറങ്ങുക. 2022ൽ തിരുവനന്തപുരത്ത് നടന്ന നാഷണൽ മാസ്റ്റേഴ്‌സ് ഗെയിംസിൽ ജേതാക്കളായ കേരള ടീമിൽ അംഗങ്ങളായിരുന്ന മൂവരും അന്തർ സർവകലാശാല ഗെയിംസുകളിലും കഴിവ് തെളിയിച്ചവരാണ്. അരുൺ റാവു ബംഗളൂരുവിൽ ടെക്‌നികളർ ഇന്ത്യയുടെ ലീഗൽ കൗൺസെലായും, ജിമ്മി ജോയ് തിരുവനന്തപുരത്ത് എസ്.ടി.സി ടെക്‌നോളജിയിലും പ്രവർത്തിക്കുന്നു. ജെനിൽ ജോൺ സെന്റ് ജോസഫ്‌സ് സ്‌കൂൾ പങ്ങാരപ്പള്ളിയിലെ കായികാദ്ധ്യാപകനും എം.ജി സർവകലാശാലയിലെ പാർട്ട് ടൈം പി.എച്ച്.ഡി വിദ്യാർത്ഥിയുമാണ്.