ആദിവാസി കുടുംബശ്രീകൾക്ക് കരുത്താകാൻ പാലുല്പന്നങ്ങൾ

Saturday 18 March 2023 10:33 PM IST

തൃശൂർ: തെരഞ്ഞെടുത്ത ആദിവാസി കോളനികളിൽ നിന്നുള്ള കുടുംബശ്രീ കൂട്ടായ്മകൾക്ക് കരുത്തു പകരാൻ സ്വന്തമായി പാലുല്പന്ന നിർമ്മാണ യൂണിറ്റ് ഒരുക്കുന്നു. ഗോവ ആസ്ഥാനമായ കേന്ദ്രകാർഷിക ഗവേഷണ കൗൺസിലിന്റെ കീഴിലുള്ള സ്ഥാപനമായ സി.സി.ആർ.ഐ യുടെ സാമ്പത്തിക സഹായത്തോടെ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയാണ് ആദ്യയൂണിറ്റ് സജ്ജമാക്കിയത്.

വാണിയംപാറ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റ ആഭിമുഖ്യത്തിൽ ആരംഭിച്ച ആദിവാസി വനിതാ കൂട്ടായ്മ 'സംശുദ്ധ' യ്ക്ക് ഉപകരണ യൂണിറ്റ് കൈമാറി. വിവിധ പാൽ ഉത്പന്നങ്ങൾ നിർമ്മിച്ച് വിപണനം ചെയ്യാൻ ആവശ്യമായ മൾട്ടിപർപ്പസ് ഖോവ വാറ്റ്, ബൾക് മിൽക്ക് കൂളർ, ക്രീം സെപ്പറേറ്റർ, യോഗർട് ഇൻക്യൂബേറ്റർ, റെഫ്രിജറേറ്റർ, മിക്‌സർ, ലെഗ്‌സീലിംഗ് മെഷീൻ, സെമി ഓട്ടോ കപ്പ് സീലിംഗ് മെഷീൻ, സ്റ്റോറേജ് എക്വിപ്‌മെന്റ്‌സ്, വെയിംഗ് ബാലൻസ്, മിൽക്ക് കാൻസ് ഗ്യാസ്റ്റോവ്, ബ്ലെൻഡർ എന്നിങ്ങനെയുളള വിലപിടിപ്പുളള ഉപകരണങ്ങളാണ് യൂണിറ്റിലുള്ളത്.

ഉപകരണങ്ങൾ പരസ്പരം ബന്ധിപ്പിച്ചുള്ള ഉത്പാദന യൂണിറ്റ് വാണിയമ്പാറ ക്ഷീരോല്പാദന സഹകരണ സംഘത്തിലാണ് നിലവിൽ താത്കാലികമായി സജീകരിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കൂടുതൽ വിശാലമായ സൗകര്യങ്ങളുള്ള കെട്ടിടത്തിൽ നിർമാണശാല മാറ്റി സ്ഥാപിക്കും.

  • മൊത്തം ചെലവ്: ഏകദേശം 15 ലക്ഷം രൂപ
  • നിർമ്മിക്കാൻ ലക്ഷ്യമിടുന്ന പാലുൽപ്പന്നങ്ങൾ:
  • പനീർ, തൈര്, സംഭാരം, പാൽ പേട, ഗുലാബ് ജാമുൻ, രസഗുള, യോഗർട്, സിപ് അപ്പ്, അച്ചാറുകൾ, ഫ്‌ളാവിയർഡ് മിൽക്ക്.

വിപണി പിടിക്കാൻ 'സംശുദ്ധ'

'സംശുദ്ധ' എന്ന ബ്രാൻഡിൽ ആദിവാസി വനിതകൾക്ക് മൂല്യ വർദ്ധിത പാലുല്പന്നങ്ങൾ ഉണ്ടാക്കി വിൽക്കാനാകും. ഇതിനാവശ്യമായ സാങ്കേതിക പരിശീലനം വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തിയിലുള്ള ഡയറി പ്ലാന്റിൽ നിന്നും തുടർന്ന് നൽകും. വാണിയമ്പാറ ക്ഷീരോദ്പാദന സഹകരണ സംഘത്തിൽ നടന്ന ഉൽപ്പന്ന യൂണിറ്റ് കൈമാറ്റ ചടങ്ങിൽ വെറ്ററിനറി സർവകലാശാലയെ പ്രതിനിധീകരിച്ചു ഡയറക്ടർ ഒഫ് എന്റർപ്രണർഷിപ് ഡോ.ടി.എസ്.രാജീവ്, അസോസിയേറ്റ് പ്രൊഫസർ ഡോ.ജസ്റ്റിൻ ഡേവിസ്, റിസർച്ച് അസിസ്റ്റന്റ് ഡോ.രശ്മി രവീന്ദ്രനാഥ്, ഐ.സി.എ.ആർ പ്രതിനിധി ഡോ.ഉധാർവാർ സഞ്ജയ് കുമാർ, വാണിയമ്പാറ ക്ഷീരോത്പാദക സഹകരണസംഘം പ്രസിഡന്റ് മാത്യു നൈനാൻ, സംശുദ്ധ കുടുംബശ്രീ കൂട്ടായ്മയുടെ പ്രസിഡന്റ് അന്നമ്മ പി.ജോൺസൻ, എം.ടി രശ്മി എന്നിവർ പങ്കെടുത്തിരുന്നു.

Advertisement
Advertisement