പെട്രോൾ പമ്പിൽ നിന്നും ലക്ഷങ്ങൾ കവർന്ന സംഭവം; മോഷ്ടാക്കൾ സിസിടിവി ദൃശ്യങ്ങളടങ്ങുന്ന ഹാർഡ് ഡിസ്കും കൈക്കലാക്കിയതായി പൊലീസ്
കോട്ടയം: പെട്രോൾ പമ്പിൽ നിന്ന് ലക്ഷങ്ങൾ കവർന്ന സംഭവത്തിൽ മോഷ്ടാക്കൾ സിസിടിവി ഹാർഡ് ഡിസ്കും കൊണ്ടു പോയതായി പൊലീസ്. കോട്ടയം പള്ളിക്കത്തോട്ടിൽ വ്യാഴാഴ്ചയുണ്ടായ മോഷണത്തിൽ മൂന്നര ലക്ഷം രൂപയാണ് നഷ്ടമായത്. പമ്പിലെ സിസിടിവി ദൃശ്യങ്ങളടങ്ങുന്ന ഹാർഡ് ഡിസ്കും മോഷ്ടാക്കൾ കൈക്കലാക്കി. സംഭവത്തിൽ പ്രതികളെ എത്രയും വേഗം പിടികൂടാനായി അന്വേഷണം ഊർജ്ജിതമായി നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
പള്ളിക്കത്തോട് ഫ്യുവൽസ് എന്ന പെട്രോൾ പമ്പിലാണ് മോഷണം നടന്നത്. സംഭവ ദിവസം രാത്രി പത്ത് മണിയോടെ പമ്പ് അടച്ചിരുന്നു. എന്നാൽ അർദ്ധരാത്രിയോടെ പമ്പിന് മുന്നിലൂടെ പോയ പമ്പിലെ ജീവനക്കാരാണ് അസ്വഭാവികത തോന്നി പൊലീസിനെ വിവരമറിയിച്ചത്. പമ്പിലെ ലൈറ്റുകൾ ഓഫ് ചെയ്തിരുന്നതായി ഇവരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി തെളിഞ്ഞത്. പമ്പിന്റെ ഓഫീസിന്റെ പൂട്ട് പൊളിച്ച് മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപ മോഷ്ടിക്കുകയായിരുന്നു. പമ്പിന്റെ പ്രവർത്തനം അടുത്തറിയാവുന്ന ആരോ ആണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.