ഇന്ത്യ- ബംഗ്ലാദേശ് സൗഹൃദ പൈപ്പ് ലൈൻ ഉദ്ഘാടനം ചെയ്തു

Sunday 19 March 2023 1:41 AM IST

ന്യൂഡൽഹി:ഇന്ത്യ- ബംഗ്ലാദേശ് സൗഹൃദ പൈപ്പ് ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേർന്ന് സംയുക്തമായി ഉദ്ഘാടനം ചെയ്തു. അതിർത്തി കടന്നുള്ള രണ്ടാമത്തെ ഊർജ്ജ പൈപ്പ് ലൈനാണ് ഐ.ബി.എഫ്.പി. 2018 സെപ്തംബറിലാണ് രണ്ട് പ്രധാനമന്ത്രിമാരും ചേർന്ന് പദ്ധതിക്ക് തറക്കല്ലിട്ടത്. നുമാലിഗഡ് റിഫൈനറി ലിമിറ്റഡാണ് 2015 മുതൽ ബംഗ്ലാദേശിലേക്ക് പെട്രോളിയം ഉല്പന്നങ്ങൾ വിതരണം ചെയ്യുന്നത്. വൈദ്യത, ഉർജ്ജ മേഖലയിലെ സഹകരണം ഇന്ത്യ- ബംഗ്ലാദേശ് ബന്ധത്തിന്റെ മുഖമുദ്രകളിലൊന്നായി മാറിയിരിക്കുന്നു. ബംഗ്ലാദേശുമായുള്ള മെച്ചപ്പെട്ട ബന്ധം ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പദ്ധതിയെ കുറിച്ചുള്ള നിരന്തരമായ മാർഗനിർദേശത്തിന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയോട് നന്ദി പറഞ്ഞ നരേന്ദ്ര മോദി ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പ്രയോജനത്തിനായി തുടർന്നും പ്രവർത്തിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.