ഇമ്രാൻ കോടതിയിൽ ഹാജരായി, വസതിയിലേക്ക് ഇരച്ചുകയറി പൊലീസ്  വ്യാപക സംഘർഷം

Sunday 19 March 2023 6:44 AM IST

ലാഹോർ : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ പാർട്ടി ചെയർമാനുമായ ഇമ്രാൻ ഖാൻ ഇന്നലെ തോഷാഖാന അഴിമതിക്കേസിൽ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ ഹാജരാകാൻ പുറപ്പെട്ടതിന് പിന്നാലെ വ്യാപക സംഘർഷം.

കോടതിയിൽ ഹാജരാകാൻ ഇമ്രാൻ ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ പുറപ്പെട്ടതിന് പിന്നാലെ ലാഹോറിലെ സമൻ പാർക്കിലെ അദ്ദേഹത്തിന്റെ വസതിയിലേയ്ക്ക് ബാരിക്കേഡുകൾ മറികടന്ന് പൊലീസ് ഇരച്ചുകയറി. തടയാൻ ശ്രമിച്ച പി.ടി.ഐ പ്രവർത്തകരുമായി കടുത്ത ലാത്തിച്ചാർജുണ്ടായി. പത്തിലേറെ പേർക്ക് പരിക്കേറ്റു. 60ലേറെ പേർ അറസ്റ്റിലായി. വസതിയോട് ചേർന്നുണ്ടായിരുന്ന അനുയായികളുടെ ക്യാമ്പുകൾ തകർത്തു.

വസതിയുടെ പരിസരത്ത് പൊലീസ് നടത്തിയ റെയ്ഡിൽ തോക്കുകളും പെട്രോൾ ബോംബുകളും മറ്റ് മാരകായുധങ്ങളും കണ്ടെത്തിയെന്ന് പാക് ആഭ്യന്തര മന്ത്രി റാണാ സനാവുള്ള പറഞ്ഞു. ഇമ്രാന്റെ വീടിനുള്ളിലേക്ക് പൊലീസ് പ്രവേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് റെയ്ഡ് നടക്കുമ്പോൾ ഇമ്രാന്റെ ഭാര്യ ബുഷ്‌റ ബീഗം വസതിയിലുണ്ടായിരുന്നു.

ഇതിനിടെ,​ ഇസ്ലാമാബാദ് ഹൈക്കോടതിയ്ക്ക് പുറത്തും ആയിരക്കണക്കിന് ഇമ്രാൻ അനുകൂലികളും പൊലീസും ഏറ്റുമുട്ടി. ഇമ്രാന്റെ വരവിന് മുന്നേ കോടതി പരിസരത്ത് നിറഞ്ഞ പി.ടി.ഐ പ്രവർത്തകരും പൊലീസും തമ്മിൽ കണ്ണീർവാതക പ്രയോഗവും കല്ലേറുമുണ്ടായി.

ഇതിനിടെ കോടതിയിലെത്തിയ ഇമ്രാന് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പുറത്ത് നിന്ന് ഹാജർ രേഖപ്പെടുത്തിയ ശേഷം തിരിച്ചുപോകാൻ കോടതി അനുവാദം നൽകി. കേസിൽ മാർച്ച് 30ന് ഹാജരാകാൻ ഇമ്രാനോട് നിർദ്ദേശിച്ചു. ഇമ്രാനെതിരെയുണ്ടായിരുന്ന അറസ്റ്റ് വാറണ്ട് റദ്ദാക്കി. കേസിൽ ഇമ്രാൻ ഖാനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറണ്ടുകൾ കഴിഞ്ഞ ദിവസം ഹൈക്കോടതി സസ്പെൻഡ് ചെയ്തിരുന്നു.

അറസ്റ്റ് വാറണ്ടിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഇമ്രാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചിരുന്നെങ്കിലും നൂറുകണക്കിന് അനുയായികളുടെ പ്രതിഷേധം മറികടന്ന് വസതിയിൽ പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനിടെ കോടതിയിലെത്തും മുന്നേ ഇമ്രാന്റെ കാറിന് അകമ്പടി പോയ വാഹനങ്ങളിലൊന്ന് അപകടത്തിൽപ്പെട്ടെങ്കിലും ആളപായമില്ല.

Advertisement
Advertisement