മത്സ്യങ്ങളുടെ ശ്മശാനമായി ഓസ്ട്രേലിയൻ നദി

Sunday 19 March 2023 6:44 AM IST

കാൻബെറ : ഓസ്ട്രേലിയയിലെ ന്യൂസൗത്ത് വെയ്‌ൽസിലെ ചെറുപട്ടണമായ മെനിൻഡീയിലെ നദിയിൽ ഒറ്റ ദിവസം കൊണ്ട് ചത്ത് പൊങ്ങിയത് ലക്ഷക്കണക്കിന് മത്സ്യങ്ങൾ.! വെള്ളിയാഴ്ച രാവിലെ മുതലാണ് ഡാർലിംഗ് - ബാകാ നദിയിലെ പ്രതിഭാസം ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. മേഖലയിലെ ഉഷ്ണ തരംഗമാണ് മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമെന്ന് അധികൃതർ പറയുന്നു. അടുത്തിടെ നദിയിൽ നിറഞ്ഞ പ്രളയജലം പിൻവാങ്ങിയതും പ്രതികൂലമായി. ഇത് നദിയിലെ ഓക്സിജന്റെ അളവ് കുറയാൻ ഇടയാക്കി. പ്രളയജലത്തോടൊപ്പം വലിയ അളവിൽ മത്സ്യങ്ങളും നദിയിൽ എത്തിപ്പെട്ടിരുന്നു. നദിയിൽ ഏകദേശം പത്ത് കിലോമീറ്ററോളം ദൂരത്തിൽ ചത്ത മത്സ്യങ്ങൾ ഒഴുകി നടക്കുന്നത് കാണാം. കാലാവസ്ഥാ വ്യതിയാനം മേഖലയിൽ കടുത്ത ഉഷ്ണ തരംഗങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. ചത്ത മത്സ്യങ്ങൾ അഴുകുന്നതിലൂടെ നദിയിൽ ശേഷിക്കുന്ന മത്സ്യങ്ങളുടെ നിലനിൽപ്പിനും അപകടമാണ്. ഇന്നലെ 41 ഡിഗ്രി സെൽഷ്യസ് വരെയാണ് മെനിൻഡീയിൽ രേഖപ്പെടുത്തിയ താപനില. 2018ലാണ് മെനിൻഡീയിൽ അവസാനമായി മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്.