കൊക്കെയ്‌ൻ കാട്ടുപൂച്ച !
ന്യൂയോർക്ക് : യു.എസിലെ സിൻസിനാറ്റിയിൽ പിടികൂടിയ കാട്ടുപൂച്ചയിൽ കൊക്കെയ്‌നിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ആഫ്രിക്കയിൽ കണ്ടുവരുന്ന സെർവൽ എന്നയിനം കാട്ടുപൂച്ചയെ ആണ് അധികൃതർ പിടികൂടിയത്. സബ് സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളാണ് ഇവയുടെ സ്വദേശം. ജനുവരി അവസാനമായിരുന്നു സംഭവമെന്ന് അധികൃതർ പറയുന്നു. പൊലീസ് ചെക്കിംഗിനിടെ ഒരു വാഹനത്തിൽ നിന്ന് രക്ഷപ്പെട്ട കാട്ടുപൂച്ച ഉയർന്ന ഒരു മരത്തിൽ കയറി ഇരിപ്പായി.
വിവരമറിഞ്ഞ് സിൻസിനാറ്റി ആനിമൽ കെയർ സംഘം സ്ഥലത്തെത്തി. ഗതാഗത നിയമ ലംഘനത്തിന്റെ പേരിൽ കാട്ടുപൂച്ചയുടെ ഉടമയെ പൊലീസ് പിടികൂടിയിരുന്നു. ഇയാൾ അനധികൃതമായാണ് കാട്ടുപൂച്ചയെ വളർത്തിയത്. വളരെ അസ്വസ്ഥവും അക്രമാസക്തവുമായിരുന്ന കാട്ടുപൂച്ച രക്ഷാപ്രവർത്തനത്തിനിടെ മരത്തിൽ നിന്ന് താഴേക്ക് വീണു. കാട്ടുപൂച്ചയുടെ കാലിന് ഒടിവ് സംഭവിച്ചിരുന്നു.
സംരക്ഷണ കേന്ദ്രത്തിലെത്തിച്ച ശേഷമാണ് കാട്ടുപൂച്ചയുടെ സ്പീഷീസ് അധികൃതർക്ക് ശരിക്കും നിർണയിക്കാനായത്. ഇതിനിടെ സാമ്പിൾ പരിശോധനയിൽ കാട്ടുപൂച്ചയിൽ മയക്കുമരുന്ന് സാന്നിദ്ധ്യം സ്ഥിരീകരിച്ചു. രക്ഷിക്കുന്ന മൃഗങ്ങളുടെ ഉള്ളിൽ ഏതെങ്കിലും തരത്തിലെ മരുന്നുകൾ എത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ പരിശോധനകൾ തങ്ങൾ നടത്താറുണ്ടെന്ന് സിൻസിനാറ്റി ആനിമൽ കെയർ പറയുന്നു.
കഴിഞ്ഞ വർഷം തങ്ങൾ പിടിച്ചെടുത്ത ' നിയോ " എന്ന കുരങ്ങനിൽ മെത്താംഫെറ്റാമൈൻ സാന്നിദ്ധ്യം കണ്ടെത്തിയതിന് ശേഷമാണ് ഇത്തരം നടപടിക്രമങ്ങൾ പതിവാക്കിയതെന്ന് അവർ പറയുന്നു. കൊക്കെയ്ൻ കാട്ടുപൂച്ചയുടെ ഉള്ളിൽ അബദ്ധത്തിൽ എത്തിയതാകാമെന്ന് കരുതുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
ഉടമ അന്വേഷണത്തോട് സഹകരിക്കുന്നതായി അധികൃതർ വ്യക്തമാക്കി. കാട്ടുപൂച്ചയെ നിലവിൽ സിൻസിനാറ്റി മൃഗശാലയിലേക്ക് മാറ്റിയിരിക്കുകയാണ്. കാട്ടുപൂച്ചയുടെ ആരോഗ്യം തൃപ്തികരമാണ്. ശരീരത്തിൽ കറുത്ത പുള്ളികളോടെയുള്ള സെർവലുകൾക്ക് വായുവിൽ ഏഴ് അടി വരെ ഉയരത്തിൽ ചാടാനാകും.