കൊവിഡ് മഹാമാരി ഘട്ടം ഈ വർഷം അവസാനിക്കും: ഡബ്ല്യു.എച്ച്.ഒ

Sunday 19 March 2023 6:47 AM IST

ജനീവ: ലോകത്ത് എഴുപത് ലക്ഷത്തിലേറെ മനുഷ്യരുടെ ജീവൻ കവർന്ന കൊവിഡ് 19നെ ഈ വർഷം മഹാമാരി ഘട്ടത്തിൽ നിന്ന് പകർച്ചപ്പനിയ്ക്ക് സമാനമായ ആശങ്ക ഉയർത്തുന്ന ഘട്ടത്തിലേക്ക് താഴ്ത്താനാകുമെന്ന് ലോകാരോഗ്യ സംഘടന ( ഡബ്ല്യു.എച്ച്.ഒ ). ഈ വർഷം കൊവിഡ് അടിയന്തരാവസ്ഥ അവസാനിപ്പിക്കാനായേക്കും. വൈറസിന്റെ മഹാമാരിയെന്ന ഘട്ടം അവസാനിക്കാറായി എന്നതിൽ പ്രതീക്ഷയുണ്ടെന്നും ഡബ്ല്യു.എച്ച്.ഒ അറിയിച്ചു.

2019 അവസാനം ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊവിഡിനെ ഡബ്ല്യു.എച്ച്.ഒ ' മഹാമാരി"യായി പ്രഖ്യാപിച്ചിട്ട് മാർച്ച് 11ന് മൂന്ന് വർഷം തികഞ്ഞിരുന്നു. കൊവിഡിനെ സീസണൽ ഇൻഫ്ലുവൻസയെ പോലെ നോക്കിക്കാണാനാകുന്ന ഘട്ടത്തിലേക്ക് നാം അടുക്കുകയാണ്.

എന്നാൽ, വൈറസ് ആരോഗ്യത്തിന് ഭീഷണിയായി തുടരും. മരണങ്ങളുമുണ്ടാകും. എന്നാൽ സമൂഹത്തെയോ ആരോഗ്യ സംവിധാനങ്ങളെയോ തടസപ്പെടുത്തില്ല. നിലവിൽ ലോകം മെച്ചപ്പെട്ട സ്ഥിതിയിലാണെന്നും ഡബ്ല്യു.എച്ച്.ഒ എമർജൻസീസ് ഡയറക്ടർ മൈക്കൽ റയാൻ പറഞ്ഞു.

 ചൈന ഡേറ്റകൾ പുറത്തുവിടണം

കൊവിഡ് ഉത്ഭവം സംബന്ധിച്ച് ചൈന വ്യക്തമായ ഡേറ്റകൾ പുറത്തുവിടണമെന്ന് ഡബ്ല്യു.എച്ച്.ഒ. ചൈനയിലെ ഹ്യൂബെയ് പ്രവിശ്യയിലെ വുഹാൻ നഗരത്തിലാണ് കൊവിഡ് കേസുകൾ ആദ്യം കണ്ടെത്തിയത്. ഇവിടുത്തെ ഹ്വനാൻ സീഫുഡ് മാർക്കറ്റിൽ നിന്നാണ് വൈറസ് വ്യാപിച്ചതെന്ന് ചൈന പറയുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ല.

2020ൽ മാർക്കറ്റിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ സംബന്ധിച്ച ഡേറ്റ ചൈന പുറത്തുവിടാത്തതിന് എതിരെയാണ് ഡബ്ല്യു.എച്ച്.ഒ രംഗത്തെത്തിയത്. കൊവിഡ് എങ്ങനെ ഉത്ഭവിച്ചു എന്നത് കണ്ടെത്താൻ ഈ ഡേറ്റകൾ സഹായിക്കും.

കൊവിഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലോകത്തിന് എത്രയും വേഗം കൈമാറാൻ ചൈന തയ്യാറാകണമെന്നും മൂന്ന് വർഷം മുമ്പ് ഇത് നൽകേണ്ടതായിരുന്നെന്നും ഡബ്ല്യു.എച്ച്.ഒ തലവൻ ടെഡ്രോസ് അഥനോം ഗെബ്രിയേസിസ് ആവശ്യപ്പെട്ടു. കൊവിഡ് വുഹാനിലെ ലാബിൽ നിന്ന് ചോർന്നതാണെന്നടക്കമുള്ള സിദ്ധാന്തങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ചൈനയെ ഡബ്ല്യു.എച്ച്.ഒ വിമർശിച്ചത്.