നിർമാണ സ്ഥലത്ത് ദുർഗന്ധം വമിക്കുന്ന ബാഗ്, പരിശോധനയിൽ കണ്ടെത്തിയത് തലയോട്ടിയും ശരീരഭാഗങ്ങളും മുടിക്കെട്ടും

Sunday 19 March 2023 10:58 AM IST

ന്യൂഡൽഹി: കൊലചെയ്തതിനുശേഷം ശരീരഭാഗങ്ങൾ പല സ്ഥലത്തായി ഉപേക്ഷിക്കുന്ന രീതി ഡൽഹിയിൽ തുടർക്കഥയാകുന്നു. ഇന്നലെ ഡൽഹിയിലെ സാരായ് കാലെ ഖാൻ ഐ എസ് ബി ടിയ്ക്ക് സമീപത്തായി റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം പ്രോജക്‌ടിന്റെ കൺസ്ട്രക്ഷൻ സൈറ്റിന് സമീപത്തായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നാല് മനുഷ്യശരീരഭാഗങ്ങളും ഒരു കെട്ട് മുടിയും കണ്ടെടുത്തു.

തലയോട്ടി, കൈത്തണ്ട, രണ്ട് എല്ലിൻ ഭാഗങ്ങൾ, മുടിക്കെട്ട് എന്നിവയാണ് പ്ളാസ്റ്റിക് ബാഗിനുള്ളിൽ ഉണ്ടായിരുന്നത്. സ്ഥലത്തുനിന്ന് ദുർഗന്ധം വമിക്കുന്നതായി നിർമാണ സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികൾ പരാതിപ്പെട്ടതോടെയാണ് വിവരം പുറത്തറിയുന്നത്. ഇവരിലൊരാൾ തന്നെയാണ് പ്ളാസ്റ്റിക് ബാഗ് കണ്ടെത്തിയതും. തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

സ്ഥലത്ത് പൊലീസും ഫോറൻസിക് വിദഗ്ദ്ധരും പരിശോധന നടത്തിയതായി ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. ശരീരഭാഗങ്ങൾ പരിശോധനയ്ക്കായി എയിംസിലേയ്ക്ക് അയച്ചു. ശരീരഭാഗങ്ങൾ ആരുടേതാണ് തിരിച്ചറിയുന്നതിനായുള്ള അന്വേഷണം ആരംഭിച്ചു. രാത്രിയിലാകാം പ്രതി ശരീരഭാഗങ്ങൾ നിർമാണ സ്ഥലത്ത് ഉപേക്ഷിച്ചത്. ഇവിടത്തെ സിസിടിവി പരിശോധിക്കുകയാണ്. മാർച്ച് 16ന് നോയിഡയിൽ നിന്ന് രണ്ട് മനുഷ്യകാലുകളും ഒരു കൈയും കണ്ടെടുത്തിരുന്നു. സാരായ് കാലെയിൽ കണ്ടെത്തിയ ശരീരഭാഗങ്ങളുമായി ഇതിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ പലയിടത്തായി ഉപേക്ഷിച്ച കേസിൽ അഫ്‌താബ് പൂനാവാല കഴി‌ഞ്ഞ നവംബറിൽ ഡൽഹിയിൽ അറസ്റ്റിലായിരുന്നു. നവംബർ 27ന് ഭർത്താവ് അഞ്ചൻ ദാസിലെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ ഉപേക്ഷിച്ച കേസിൽ പൂനം, മകൻ ദീപക് എന്നിവരും ഡൽഹിയിൽ അറസ്റ്റിലായി.