ജി 20 ഉച്ചകോടി : പ്രതീക്ഷയിൽ ഹൗസ് ബോട്ട് മേഖല.
കോട്ടയം . മന്ദഗതിയിലായിരിക്കുന്ന ഹൗസ് ബോട്ട് മേഖലയ്ക്ക് പ്രതീക്ഷയേകി ജി 20 ഉച്ചകോടി. ഉച്ചകോടിയോട് അനുബന്ധിച്ച് കുമരകത്തെ അടിസ്ഥാന സൗകര്യങ്ങളിൽ മാറ്റം വന്നതും ലോക രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എത്തുന്നതും ഹൗസ് ബോട്ട് മേഖലയ്ക്ക് കരുത്തേകുമെന്നാണ് പ്രതീക്ഷ. 120 ഓളം സ്വകാര്യ ഹൗസ് ബോട്ടുകളാണ് കുമരകത്ത് സർവീസ് നടത്തുന്നത്. പ്രധാന സീസൺ ഡിസംബർ മാസമാണ്. എന്നാൽ ഈ വർഷം പോളയും പായലും മേഖലയെ പ്രതികൂലമായി ബാധിച്ചു. പരീക്ഷക്കാലമായതിനാൽ സ്വദേശികളായ സഞ്ചാരികളുടെ വരവ് കുറഞ്ഞു. മുൻ വർഷങ്ങളെ അപേക്ഷിച്ച് വിദേശസഞ്ചാരികളുടെ എണ്ണത്തിലും വലിയ കുറവാണ്. നോർത്ത് ഇന്ത്യൻ സഞ്ചാരികളാണ് കൂടുതലായും എത്തുന്നത്. വിദേശ സഞ്ചാരികൾ യു കെ, ജർമ്മനി എന്നിവിടങ്ങളിൽ നിന്ന് മാത്രമായി ചുരുങ്ങി.
വില്ലനായി തണ്ണീർമുക്കം ബണ്ടും
തണ്ണീർമുക്കം ബണ്ടിന്റെ അശാസ്ത്രീയ പ്രവർത്തനം മേഖലയെ പ്രതികൂലമായി ബാധിക്കുകയാണ്. ഷട്ടർ തുറക്കാൻ വൈകുന്നതിനാൽ തണ്ണീർമുക്കം മുതൽ മുഹമ്മ വരെയുള്ള ഭാഗം മാലിന്യകുപ്പയായി മാറി. വാഷിംഗ് തൊഴിലാളികൾ, കരിക്ക് കച്ചവടക്കാർ, മത്സ്യത്തൊഴിലാളികൾ തുടങ്ങി നിരവധിപ്പേരാണ് ഹൗസ് ബോട്ടുകളെ ആശ്രയിച്ച് ഉപജീവനം നടത്തുന്നത്.
ഹൗസ് ബോട്ട് ഉടമ ഷിനോജ് പറയുന്നു.
സർവീസ് സുഗമമായി നടത്തുന്നതിനും കായലിനെ സംരക്ഷിക്കുന്നതിനായും ദീർഘകാലാടിസ്ഥാനത്തിൽ പോള നീക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണം. അയ്മനം, വെച്ചൂർ, ആർപ്പൂക്കര തുടങ്ങിയ പഞ്ചായത്തുകൾ സംയുക്തമായി പദ്ധതി രൂപീകരിച്ച് നടപ്പിലാക്കണം.