മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി കുറ്റിക്കുരുമുളക് തൈ വിതരണം.

Monday 20 March 2023 1:28 AM IST

കോട്ടയം . കുറ്റിക്കുരുമുളക് തൈ വിതരണം മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയെന്ന് ആക്ഷേപം. ഓപ്പൺ ടെണ്ടർ വിളിക്കാതെ കൃഷി ഓഫിസർ ഗുണനിലവാരം ഉറപ്പാക്കാതെയാണ് വിതരണം നടക്കുന്നത്. സർക്കാർ അംഗീകൃത നഴ്‌സറികളിൽ നിന്ന് തൈകൾ വാങ്ങണമെന്ന നിബന്ധയും പാലിച്ചില്ല. ദിവസങ്ങൾക്ക് മുൻപ് പാമ്പാടിയിൽ നടന്ന കുറ്റിക്കുരുമുളക് തൈ വിതരണം ഏറെ ആക്ഷേപത്തിന് വഴിവച്ചിരുന്നു,​

പാമ്പാടി കൃഷിഭവൻ വഴി മൂവായിരം തൈകളാണ് വിതരണം ചെയ്തത്. പഞ്ചായത്ത് വിഹിതത്തിൽ നിന്നുള്ള പണം ഉപയോഗിച്ചാണ് തൈകൾ വാങ്ങിയത്. പഞ്ചായത്തംഗങ്ങൾ നേരിട്ട് സ്വകാര്യ നഴ്‌സറിയിൽ നിന്നാണ് ഇവ വാങ്ങിയതെന്നാണ് ആരോപണം. കൂടാതെ തൈയ്ക്ക് 80 രൂപയിൽ താഴെ വിലയുള്ളപ്പോൾ 120 രൂപയോളം ചെലവഴിച്ചാണ് തൈകൾ എത്തിച്ചത്. തൈകൾ കൊണ്ടുപോയ ഭരണകക്ഷി അംഗം തന്നെ പരാതിയുമായി പഞ്ചായത്തിൽ എത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. ഗുണനിലവാരമുള്ള തൈകളാണ് കൃഷിഭവൻ വഴി വിതരണം ചെയ്യുന്നതെന്ന് ഉറപ്പ് വരുത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.