ഗുരുവിനെ അറിയാൻ ഇനിയും നമുക്ക് സാധിച്ചിട്ടില്ല: ആർച്ച് ബിഷപ്പ് പാംപ്ലാനി
തലശ്ശേരി: ഗുരുകുലം എന്നത് ഒരു ബോധനമാണെന്നും ഗുരുവിനേയും ഗുരുദർശനങ്ങളേയും അതിന്റെ ഔന്നത്യത്തിൽ ഉൾക്കൊള്ളാൻ ഇനിയും നമുക്ക് കഴിയാതെ പോയത് നമ്മുടെ മനസ്സിന്റെ ചെറുപ്പം കൊണ്ടാണെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടു. നാരായണ ഗുരുകുലം ശതാബ്ദി ആഘോഷവും ഏഴിമല ലോകസമാധാന സമ്മേളനത്തിന്റെ അമ്പതാം വാർഷികാഘോഷവും ജഗന്നാഥ ക്ഷേത്രത്തിലെ ശ്രീ നാരായണ ഹാളിൽ ഉദ്ഘാടനം പെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. അകവും പുറവും തമ്മിലുള്ള പൊരുത്തമാണ് ഗുരുവിന്റെ ദാർശനികതയ്ക്ക് തിളക്കമേറ്റിയത്. വിദേശ പഠന കാലത്ത് വിദേശീയരിലൂടെയാണ് ഗുരുവിനെ അടുത്തറിയാനായത്. ആ മഹാ മനീഷിയെ തിരിച്ചറിയാൻ നമ്മേക്കാൾ കൂടുതൽ കഴിയുന്നത് വിദേശിയർക്കാണെന്നത് തന്നെ അദ്ഭുതപ്പെടുത്തിയ വസ്തുതയാണ്. ദൈവവും മനുഷ്യരും തമ്മിൽ അതിർവരമ്പുകളില്ലെന്ന് നമ്മെ പഠിപ്പിച്ചത് ഗുരുവാണെന്ന് ആർച്ച് ബിഷപ്പ് ചാണ്ടിക്കാട്ടി. ഗുരു ദർശനങ്ങൾ ആധുനിക ശാസ്ത്രത്തിന് ഉതകുന്ന രീതിയിൽ പൊതുജനത്തെ പരിചയപ്പെടുത്തുകയാണ് നാരായണ ഗുരുകുലം സംഘടിപ്പിക്കുന്ന പരിപാടികളുടെ ലക്ഷ്യമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച സ്വാമി ത്യാഗീശ്വരൻ പറഞ്ഞു. ശ്രീ നാരായണ ഗുരു അന്തർദ്ദേശീയ പഠന ഗവേഷണ കേന്ദ്രം മുൻ ഡയറക്ടർ ഡോ. ബി. സുഗീത മുഖ്യഭാഷണം നടത്തി. ഡോ. സുഗീത എഴുതിയ ഗുരു വഴി എന്ന പുസ്തകം സ്വാമി ത്യാഗീശ്വരൻ പ്രകാശനം ചെയ്തു. സ്വാമി പ്രബോധതീർത്ഥ മുഖ്യാതിഥിയായി.
ഖുർ ആൻ പണ്ഡിതൻ മുസ്തഫ മൗലവി, സ്വാമി ആനന്ദ തീർത്ഥ ട്രസ്റ്റ് പ്രസിഡന്റ് ടി.വി. വസുമിത്രൻ എൻജിനീയർ, ശ്രീജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ. കെ. സത്യൻ, സ്വാമി പ്രേമാനന്ദ, സി.പി. സുരേന്ദ്രനാഥ്, പി.യു. രാമകൃഷ്ണൻ എൻജിനീയർ, പ്രാപ്പൊയിൽ നാരായണൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോഓർഡിനേറ്റർ ഇ.ബി. അരുൺ സ്വാഗതവും മൈത്രി നന്ദിയും പറഞ്ഞു.