അന്താരാഷ്ട്ര പുന:ചംക്രമണ ദിനം

Sunday 19 March 2023 8:16 PM IST

തൃശൂർ: ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര പുന:ചംക്രമണ ദിനം ആചരിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഹരിത കർമ്മ സേനാംഗങ്ങൾ ഒല്ലൂർ വ്യവസായ എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റ് സന്ദർശിക്കുകയും പ്രവർത്തനരീതികൾ കണ്ടു മനസിലാക്കുകയും ചെയ്തു. റീസൈക്ലിംഗ് പ്രവർത്തനരീതി ട്രൂ പ്ലാസ്റ്റിക് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ തോംസൺ ഹരിതകർമ്മസേനാംഗങ്ങളോട് വിവരിച്ചു.

റീസൈക്ലിംഗും ഹരിത കർമ്മ സേനയുടെ പ്രവർത്തനവും പ്രാധാന്യം അർഹിക്കുന്നതാണെന്ന് ക്ലീൻ കേരള ജില്ലാ മാനേജർ ശംഭു ഭാസ്‌കർ പറഞ്ഞു. ഹരിതകർമ്മ സേനയുടെ പ്രവർത്തനം മെച്ചപ്പെടുത്താനായുള്ള നടപടി സ്വീകരിക്കുമെന്ന് അദ്ധ്യക്ഷത വഹിച്ച നവകേരളം കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർ സി.ദിദിക പറഞ്ഞു. ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ ഇതുപോലെയുള്ള കമ്പനികളിലെത്തി റീസൈക്ലിംഗ് ചെയ്ത് ചെടിച്ചട്ടി പോലുള്ള ഉൽപന്നങ്ങളായി വരുന്നത് കാണുമ്പോൾ അഭിമാനമുണ്ടെന്ന് ഹരിത കർമ്മ സേനാംഗങ്ങൾ അഭിപ്രായപ്പെട്ടു.