അന്തിമഹാകാളൻ കാവ് വേല കൂറയിട്ടു: വേല 25 ന്
Sunday 19 March 2023 8:38 PM IST
ചേലക്കര: കാളവേലയ്ക്കും വെടിക്കെട്ടിനും പ്രസിദ്ധമായ അന്തിമഹാകാളൻകാവ് വേലയ്ക്ക് കൂറയിട്ടു. ഓരോ തവണയും തെക്കുംകൂർ വേലയെന്നും വടക്കുംകൂർ വേലയെന്നും മാറി മാറിയാണ് ആഘോഷിക്കുക. ഇത്തവണ വടക്കുംകൂർ വേലയായതിനാൽ കടുകശ്ശേരി ക്ഷേത്രത്തിനോട് ചേർന്നുള്ള മുല്ലത്തറയ്ക്ക് സമീപം ഒരുക്കിയ പന്തലിലാണ് വേല ചടങ്ങുകൾ നടക്കുന്നത്.
ഇവിടെ 64കാൽ പന്തലൊരുക്കി അതിലെ നാലുകാലുള്ള പാട്ടുകൊട്ടിലിന് മുകളിൽ ചുവന്ന് പട്ട് വിരിക്കുന്ന കൂറയിടൽ ചടങ്ങ് നടന്നു. ഇനി വേല നാൾ വരെ പന്തലിൽ കളമെഴുത്തും, ദാരികവധം കളംപാട്ടും, ക്ഷേത്രകോമരമെത്തി കളമായ്ക്കൽ ചടങ്ങും നടക്കും. കല്ലാറ്റ് കുറുപ്പാണ് കളമെഴുത്ത് പാട്ടിന്റെ അവകാശികൾ. കാളി ദാരികവധം ചടങ്ങ് വേല ആഘോഷത്തിലെ മുഖ്യ ചടങ്ങാണ്. അഞ്ച് ദേശക്കമ്മിറ്റികളാണ് വേല ആഘോഷത്തിലെ മുഖ്യ പങ്കാളികൾ. 25 ശനിയാഴ്ചയാണ് വേല ആഘോഷം.