അഭിഭാഷകനെ മർദ്ദിച്ച് കവർച്ച ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ

Monday 20 March 2023 1:08 AM IST

ആലുവ: അഭിഭാഷകനെ മർദ്ദിച്ച് സ്വർണമാലയും മൊബൈൽ ഫോണും പണവും തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. ചുണങ്ങംവേലി എരുമത്തല ചൊള്ളങ്ങൽ വീട്ടിൽ സുരേഷിനെയാണ് (ഡാൻസർ സുരേഷ് , 37) ആലുവ പൊലീസ് പിടികൂടിയത്.

16ന് രാത്രി 11നാണ് കേസിനാസ്പദമായ സംഭവം. ആലുവ കോടതിയിലെ അഭിഭാഷകൻ വാഴക്കുളം സ്വദേശി ശരത് ചന്ദ്രനെയാണ് മർദ്ദിച്ച് സ്വർണവും പണവും കവർന്നത്.

ആലുവ മെട്രോ സ്റ്റേഷന് സമീപം വീട്ടിലേക്ക് പോകാൻ വാഹനംകാത്തു നിന്ന അഭിഭാഷകനെ പ്രതിയും കൂട്ടാളികളും ഓട്ടോയിൽ കയറ്റി ആളൊഴിഞ്ഞ ഭാഗത്തെത്തിച്ച് മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഒന്നരപ്പവന്റെ മാലയും മൊബൈൽ ഫോണും 8000 രൂപയും തട്ടിയെടുത്ത് കടന്നുകളഞ്ഞു. എസ്.എച്ച്.ഒ എം.എം. മഞ്ജുദാസ്, എസ്.ഐ സി.ആർ. ഹരിദാസ്, എസ്.സി.പി.ഒമാരായ കെ.ബി. സജീവ്, ഷൈജ ജോർജ്, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.