ബി.എസ്.എൻ.എൽ തട്ടിപ്പ് ;മൂർത്തിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

Monday 20 March 2023 5:32 AM IST

തിരുവനന്തപുരം: ബി.എസ്.എൻ.എൽ എൻജിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പിൽ റിമാൻഡിൽ കഴിയുന്ന ഡയറക്ടർ ബോർഡ് അംഗവും ബി.എസ്.എൻ.എൽ മുൻ ഡെപ്യൂട്ടി ജനറൽ മാനേജരുമായിരുന്ന നന്തൻകോട് സ്വദേശി പി.ആർ.മൂർത്തിയെ (63) ഇന്ന് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. ഒരാഴ്ചത്തെ കസ്റ്റഡി ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് സംഘം കോടതിയെ സമീപിച്ചിരിക്കുന്നത്. കസ്റ്റഡിയിലുള്ള മുഖ്യപ്രതി എ.ആർ ഗോപിനാഥുമായി ഒരുമിച്ചിരുത്തി മൂർത്തിയെ വിശദമായി ചോദ്യം ചെയ്‌ത് തട്ടിപ്പുകളുടെ ചുരുളഴിക്കുകയുമാണ് ലക്ഷ്യം. മൂർത്തി അറസ്റ്റിലായതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ എ.ആർ.ഗോപിനാഥിന്റെ പണാപഹരണത്തിന് കൂട്ടുനിന്നതിന്റെ ചില തെളിവുകൾ ലഭിച്ചിരുന്നു. അംഗങ്ങളുടെ സേവിംഗ്സ്,സ്ഥിരനിക്ഷേപ അക്കൗണ്ടുകളിൽ നിന്ന് ഗോപിനാഥ് പണം പിൻവലിക്കുന്നതും വഴിമാറ്റി ചെലവഴിക്കുന്നതും മൂർത്തിയുടെ അറിവോടെയായിരുന്നുവെന്നാണ് വ്യക്തമായത്. ഗോപിനാഥ് പണം പിൻവലിച്ച് റിയൽ എസ്റ്റേറ്റ് രംഗത്തും സ്വകാര്യ ധനകാര്യസ്ഥാപനത്തിലും നിക്ഷേപിക്കുന്നതായി മനസിലാക്കിയിട്ടും മൂർത്തി പലരെയും നിർബന്ധിച്ച് നിക്ഷേപം നടത്തിച്ചു. ഫോൺ സംഭാഷണങ്ങളും വാട്സ്ആപ്പ് സന്ദേശങ്ങളുമുൾപ്പെടെ നിരവധി തെളിവുകളും പണം നിക്ഷേപിച്ചതിന്റെയും പിൻവലിച്ചതിന്റെയും രേഖകളും അന്വേഷണസംഘം ശേഖരിച്ചു. തട്ടിപ്പിന്റെ ആസൂത്രണമുൾപ്പെടെ പലതിലും ഇരുവരും പരസ്പര സഹായികളായിരുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.തട്ടിപ്പിൽ നിർണായക പങ്കുള്ള മറ്റൊരു പ്രതി എ.ആർ.രാജീവിനെയും ഗോപിനാഥിന്റെ സുഹൃത്ത് മണികണ്ഠൻ, ഇയാളുടെ ഭാര്യ എന്നിവരെയും ഉടൻ പിടികൂടാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. എ.ആർ ഗോപിനാഥിന്റെ കസ്റ്റഡി കാലാവധി അവസാനിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ ഇവർ കൂടി പിടിയിലായാൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ.