വനിത കൃഷി ഓഫീസർ ഉൾപ്പെട്ട കള്ളനോട്ട് കേസ് ക്രൈംബ്രാഞ്ചിന്

Monday 20 March 2023 12:03 AM IST

ആലപ്പുഴ: വനിത കൃഷി ഓഫീസർ ഉൾപ്പെട്ട കള്ളനോട്ട് കേസിന്റെ തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തും. നിലവിൽ കേസ് അന്വേഷിക്കുന്ന ആലപ്പുഴ സൗത്ത് പൊലീസ് ഉൾപ്പെട്ട സംഘം പുതിയ ടീമിനെ സഹായിക്കും. കേസിൽ പുതുതായി അറസ്റ്റുകളൊന്നും ഉണ്ടായിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.

കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് പാലക്കാട്ട് പിടിയിലായ നാലു പേരെയും ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇവരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.കള്ളനോട്ട്, കുഴൽപ്പണ ഇടപാടിൽ വാളയാർ പൊലീസ് അറസ്റ്റ് ചെയ്ത ആലപ്പുഴ ഗുരുപുരം തെക്കേവേലി വീട്ടിൽ എം.അജീഷ് കുമാർ (25), അവലൂക്കുന്ന് കരുവാരപ്പറമ്പ് ശ്രീകുമാർ (42), കാളാത്ത് വേലിൽ എസ്.ഷാനിൽ (38), ആര്യാട് കണ്ടത്തിൽ ഗോകുൽരാജ് (27) എന്നിവരുടെ ചോദ്യം ചെയ്യലാണ് പുരോഗമിക്കുന്നത്.

കള്ളനോട്ട് കേസിലെ വിതരണത്തിൽ പങ്കാളികളായ തൃക്കുന്നപ്പുഴ പല്ലന മാവുന്നയിൽ അനിൽകുമാർ (48), ഹരിപ്പാട് ചിങ്ങോലി വെള്ളിശ്ശേരിതറ സുരേഷ് ബാബു (50) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കള്ളനോട്ട് വൻ തോതിൽ ആലപ്പുഴയിൽ എത്തിച്ച് വിതരണം ചെയ്തിരുന്ന ആലപ്പുഴ സക്കറിയാ ബസാർ യാഫി പുരയിടത്തിൽ ഹനീഷ് ഹക്കിമും (36) അറസ്റ്റിലയിരുന്നു. ഇയാളാണ് പ്രധാനിയെന്ന് പൊലീസ് പറയുന്നു. പിടികൂടിയ കള്ളനോട്ടുകൾ വിദേശത്ത് അച്ചടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. അതിനാൽ അന്താരാഷ്ട്ര കള്ളനോട്ട് സംഘവുമായി ഇവർക്ക് ബന്ധമുണ്ടെന്ന് സംശയമുണ്ട്. ദേശീയ അന്വേഷണ ഏജൻസിയും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. കള്ളനോട്ടുകേസിൽ അറസ്റ്റിലായ എടത്വ കൃഷി ഓഫിസർ മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലാണ്.