കരുവാറ്റയിലെ അവിശ്വാസം , കോൺഗ്രസ് പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമെന്ന് ഭരണപക്ഷം
ഹരിപ്പാട്: കരുവാറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോൺഗ്രസ് അംഗങ്ങൾ നൽകിയ അവിശ്വാസ പ്രമേയത്തിന് ആധാരമായി പറഞ്ഞ ആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ടീയ പ്രേരിതവുമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ്, വൈസ് പ്രസിഡന്റ് ടി.പൊന്നമ്മ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.മോഹൻകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഷീബ ഓമനക്കുട്ടൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
കോൺഗ്രസ് നീക്കത്തെ രാഷ്ടീയമായും നിയമപരമായും നേരിടും. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ 40 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ മുൻഭാഗത്തെ 3.20 മീറ്റർ ദേശീയപാത അധികൃതർ പൊളിച്ചു നീക്കുകയായിരുന്നു. കാലപ്പഴക്കം ചെന്ന കെട്ടിടമായതിനാൽ ബാക്കി ഭാഗം നിലനിറുത്തുന്നത് സുരക്ഷിതമല്ലെന്ന് എൽ.എസ്.ജി.ഡി അസി. എൻജിനീയറും സാങ്കേതിക വിദഗ്ദ്ധരും റിപ്പോർട്ട് നൽകിയിട്ടുണ്ട്. ദേശീയപാതയോരത്തെ ഓഫീസായതിനാൽ പാർക്കിംഗ് സൗകര്യവും ഒരുക്കേണ്ടതുണ്ട്. കെട്ടിടത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങൾ പൊളിച്ചുനീക്കാൻ പഞ്ചായത്ത് ഡയറക്ടറുടെ അനുമതി വാങ്ങുന്നതിന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. അനുമതി ലഭ്യമാകുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കാൻ കാത്തിരിക്കുമ്പോഴാണ് കോൺഗ്രസ് അംഗങ്ങൾ പച്ചക്കള്ളം പ്രചരിപ്പിച്ച് വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. അഴിമതിയോ ക്രമവിരുദ്ധ പ്രവർത്തനങ്ങളോ ഭരണസമിതിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.
നിയമ വിരുദ്ധമായി കാര്യങ്ങൾ നടത്താൻ കൂട്ടുനിൽക്കാത്ത ജീവനക്കാരെ ഭീഷണിപ്പെടുത്തി സമ്മർദ്ദത്തിലാക്കുന്നതിനെതിരെ പ്രസിഡന്റ് നിലപാട് സ്വീകരിച്ചതിലുള്ള വൈരാഗ്യമാണ് ഇപ്പോഴത്തെ ആരോപണങ്ങൾക്ക് പിന്നിലെന്നും ഭരണപക്ഷം ആരോപിച്ചു.