അശ്ലീല കണ്ടന്റുകൾ പരിധി വിടുന്നു; ഒടിടി പ്ളാറ്റ്ഫോമുകൾക്ക് നിയന്ത്രണങ്ങളുണ്ടായേക്കുമെന്ന് മന്ത്രി അനുരാഗ് ഠാക്കൂർ

Sunday 19 March 2023 10:35 PM IST

ന്യൂഡൽഹി: ഒടിടി പ്ളാറ്റ്ഫോമുകളിൽ അസഭ്യ കണ്ടന്റ് വർദ്ധിച്ചു വരുന്നതായുള്ള പരാതികൾ ഗൗരവകരമായി പരിഗണിക്കുമെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂർ. ക്രിയേറ്റിവിറ്റിയുടെ പേരിൽ എന്തും അനുവദിച്ച് നൽകാനാകില്ലെന്നും അദ്ദേഹം അറിയിച്ചു. ഒടിടികൾക്ക് സെൻസറിംഗിന് സമാനമായ നിയന്ത്രണങ്ങളുണ്ടായേക്കും എന്ന സൂചന നൽകുന്നതായിരുന്നു നാഗ്പൂരിലെ വാർത്താ സമ്മേളനത്തിൽ കേന്ദ്രമന്ത്രിയുടെ പ്രതികരണം.

പ്ളാറ്റ്ഫോമുകൾക്ക് ആവിഷ്താരത്തിനുള്ള സ്വാതന്ത്രൃമാണ് നൽകിയത്, അശ്ളീലത്തിനല്ല മന്ത്രി തുടർന്നു. നിലവിലെ സാഹചര്യം ദുരുപയോഗം ചെയ്യാൻ കേന്ദ്ര സർക്കാർ അനുവദിക്കില്ല. പരിധി കടന്ന് ക്രിയേറ്റിവിറ്റി ദുരുപയോഗം ചെയ്താൽ കർശന നടപടിയുണ്ടാകും. പ്ളാറ്റ്ഫോമുകൾക്കെതിരെ കണ്ടന്റിന്റെ പേരിൽ വ്യാപകമായി പരാതി ഉയരുന്നതിനാൽ നിലവിലെ ചട്ടങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കും, അദ്ദേഹം വ്യക്തമാക്കി. അശ്ലീലമായ ഉള്ളടക്കത്തെക്കുറിച്ചുള്ള പരാതികൾ സർക്കാർ ഗൗരവമായാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം ആവർത്തിച്ചു.