രാജവീഥിയായി കുളത്തൂർ ആറാട്ടുകടവ് റോഡ്

Monday 20 March 2023 1:03 AM IST

കുളത്തൂർ: കോലത്തുകര ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് പാർവതിപുത്തനാറിലെ ആറാട്ടുകടവിലേക്കുള്ള റോഡിന്റെ നവീകരണ ജോലികൾ ആരംഭിച്ചു. സ്റ്റേഷൻകടവിൽ നിന്ന് ആറാട്ടുകടവിലേക്കുള്ള നാല് മീറ്റർ വീതിയിലും മുന്നൂറ് മീറ്റർ നീളത്തിലുമുള്ള റോഡാണ് രാജവീഥിയായി വികസിപ്പിക്കുന്നത്. മെറ്റൽ പാകി ഉറപ്പിച്ച ശേഷം തറയോട് പാകി മനോഹരമാക്കി ലൈറ്റുകൾ സ്ഥാപിക്കും. പള്ളിത്തുറ വാർഡ് കൗൺസിലറും നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ മേടയിൽ വിക്രമന്റെ ശ്രമഫലമായി നഗരസഭ തനത് ഫണ്ടിൽ നിന്ന് 14 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതോടൊപ്പം മുക്കോലയ്ക്കൽ - ശ്രീനാരായണ റോഡിന്റെ അറ്റകുറ്റപ്പണികളും പൂർത്തിയാക്കും.

തിരുവാതിര മഹോത്സവത്തിന്റെ സമാപനദിവസത്തെ ആറാട്ട് ചടങ്ങുകൾ നടക്കുന്നത് പാർവതിപുത്തനാറിന് സമീപം തയ്യാറാക്കിയ പ്രത്യക ആറാട്ടുകടവിലാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് സ്റ്റേഷൻകടവ് വഴി കടൽക്കരയിലാണ് ആറാട്ട് നടന്നിരുന്നത്. ഐ.എസ്.ആർ.ഒ പ്രവർത്തനം തുടങ്ങിയതോടെ ഐ.എസ്.ആർ.ഒ അധികൃതരുടെ അനുമതിയോടെ പാർവതി പുത്തനാറിലേക്ക് ആറാട്ട് മാറ്റുകയായിരുന്നു. പിന്നീട് പുത്തനാർ മലിനമായതോടെ അതിന് സമീപത്ത് ആറാട്ടിനായി പ്രത്യക സൗകര്യം ഒരുക്കുകയായിരുന്നു. ഭക്തജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു ആറാട്ടുകടവിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കുക എന്നത്. ഇതിനായി വർഷങ്ങൾക്ക് മുൻപേ കോലത്തുകര ക്ഷേത്ര സമാജത്തിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഫലംകണ്ടിരുന്നില്ല.

Advertisement
Advertisement