ഷോളയാർ ഡാമിൽ നിന്നും കൂടുതൽ വെള്ളം തുറന്നുവിടും: മന്ത്രി റോഷി അഗസ്റ്റിൻ

Sunday 19 March 2023 11:44 PM IST
അഡ്വ. പി.കെ. ഇട്ടൂപ്പ് പുരസ്‌കാരം മണപ്പുറം ഫിനാൻസ് എം.ഡി വി.പി. നന്ദകുമാറിന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സമ്മാനിക്കുന്നു.

ചാലക്കുടി: വൈദ്യുതി ബോർഡിന് വൻനഷ്ടം സംഭവിക്കുമെങ്കിലും കടുത്ത വേനലിന്റെ പിടിയിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിന് ഷോളയാർ ഡാമിൽ നിന്ന് കൂടുതൽ വെള്ളം ചാലക്കുടിപ്പുഴയിലെത്തിക്കുമെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. മുൻ ചാലക്കുടി എം.എൽ.എ അഡ്വ. പി.കെ. ഇട്ടൂപ്പിന്റെ 25-ാം ചരമ വാർഷികത്തോടുനുബന്ധിച്ച് നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇപ്പോൾ തുറന്നു വിടുന്ന വെള്ളം പര്യാപ്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചാലക്കുടിപ്പുഴയിൽ കൂടുതൽ തടണകൾ നിർമ്മിക്കുന്ന കാര്യം പരിഗണനയിലാണ്. ചാലക്കുടപ്പുഴയിൽ വർഷക്കാലങ്ങളിൽ നഷ്ടപ്പെടുന്ന വെള്ളം സംഭരിച്ച് പിന്നീട് പ്രയോജനപ്പെടുത്തുന്ന പദ്ധതി ആവശ്യമാണെന്നും ഇതിനായി ജലസേചന വകുപ്പ് പ്രത്യേക പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു.

2023ലെ അഡ്വ. പി.കെ. ഇട്ടൂപ്പ് എക്‌സ് എം.എൽ.എ മെമ്മോറിയൽ ഫൗണ്ടേഷൻ പുരസ്‌കാരം മണപ്പുറം ഫിനാൻസ് എം.ഡി. വി.പി. നന്ദകുമാറിന് മന്ത്രി സമ്മാനിച്ചു. ലയൺസ് ഹാളിൽ നടന്ന യോഗത്തിൽ ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷനായി. ഫൗണ്ടേഷൻ ചീഫ് കോ- ഓർഡിനേറ്റർ ആന്റോ ചെറിയാൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. നഗരസഭ ചെയർമാൻ എബി ജോർജ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ. എ.എം. മാത്യു, സെക്രട്ടറി എൻ. കുമാരൻ എന്നിവർ പ്രസംഗിച്ചു.