വെള്ളമൊഴുക്കുന്നത് രാത്രിയിൽ: കൃഷിക്ക് വെള്ളമില്ലാതെ കർഷകർ

Sunday 19 March 2023 11:44 PM IST

ചാലക്കുടി: രാത്രിയിൽ വെള്ളം വിടുന്നതിനാൽ ഷോളയാർ ഡാമിൽ നിന്നും അധികജലം വിടുമ്പോഴും ജലസേചന പ്രശ്‌നത്തിന് പരിഹാരമില്ലാതെ കർഷകർ ഉഴലുന്നു. 0.6 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് ഇപ്പോൾ ഷോളയാറിൽ നിന്നും പെരിങ്ങൽക്കുത്ത് ഡാമിലേക്ക് സ്പിൽവേ വഴി തുറന്നുവിടുന്നത്. ഏകദേശം ഇത്രയും അളവിൽ വൈദ്യുതി ഉത്പാദനം കഴിഞ്ഞും വിടുന്നുണ്ട്. പിന്നീട് പെരിങ്ങൽക്കുത്ത് ഡാമിൽ നിന്നും വൈദ്യുതി ഉത്പാദനത്തിന് ശേഷമാണ് വെള്ളം ചാലക്കുടിപ്പുഴയിലെത്തുന്നത്. ഷോളയാറിലെ ജനറേറ്ററുകൾ തകരാറായി കിടക്കുന്നതാണ് സ്പിൽവേയിലൂടെ വെള്ളം വിടുന്ന സാഹചര്യം സൃഷ്ടിച്ചത്.

വെള്ളം രാപ്പകൽ ഭേദമന്യേ ഒഴുകിയാലേ അത് ചാലക്കുടിപ്പുഴയ്ക്ക് ഗുണകരമാവുകയുള്ളൂ. ഇടതു വലതുകര ജലസേചന പദ്ധതി നേരിടുന്ന ഗുരുതരമായ പ്രശ്‌നം പരിഹരിക്കുന്നതിന് വൈദ്യുതി ബോർഡിന്റെ ഭാഗത്തു നിന്നും അനുകൂല നിലപാടുണ്ടാകാത്തത് കർഷർക്കും ജനപ്രതിനിധികൾക്കും ഒരുപോലെ പ്രതിസന്ധി സൃഷ്ടിക്കുന്നത്. തൃശൂർ, എറണാകുളം ജില്ലകളിലായി ആറ് നിയോജക മണ്ഡലങ്ങൾ ചാലക്കുടിപ്പുഴ കേന്ദ്രീകരിച്ചുള്ള ജനസേചന പദ്ധതികളെ ആശ്രയിക്കുന്നുണ്ട്. ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളമെത്തുന്നില്ല. കരാർ പ്രകാരം തമിഴ്‌നാട് സർക്കാർ അപ്പർ ഷോളയാറിൽ നിന്നും വെള്ളം വിട്ട് കേരള ഷോളയാർ നിറച്ചിരുന്നു. ഇതുമൂലം ഷോളയാർ ഡാമിൽ ഇപ്പോഴും 90 ശതമാനം വെള്ളമുണ്ട്. ഇത്തരം സാഹചര്യം നിലനിൽക്കെയാണ് വൈദ്യുതി വിതരണത്തിലെ സാങ്കേതിക പ്രശ്നം നിരത്തി വൈദ്യുതി ബോർഡ് പകൽനേരങ്ങളിൽ ഡാം അടച്ചിടുന്നത്. ഏതെങ്കിലും വിധത്തിൽ രണ്ടോ മൂന്നോ ദിവസം തുടർച്ചയായി മഴയുണ്ടായാൽ ഷോളയാർ ഡാം തുറന്നു വിടേണ്ട അവസ്ഥയും നിലവിലുണ്ട്.