വ്യാവസായിക നിക്ഷേപ സംഗമം

Monday 20 March 2023 1:45 AM IST

മലയിൻകീഴ്: വ്യവസായ വകുപ്പും കാട്ടാൽ ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കൗൺസിലും സംയുക്തമായി കാട്ടാക്കട മണ്ഡലത്തിൽ ഏപ്രിൽ 28ന് വ്യാവസായിക നിക്ഷേപ സംഗമം സംഘടിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാനുമായ ഐ.ബി.സതീഷ്.എം.എ.എൽ. പറഞ്ഞു. നിക്ഷേപ സംഗമത്തിന്റെ ഭാഗമായി മണ്ഡലത്തിലെ മുഴുവൻ വ്യാപാര,വ്യവസായ സ്ഥാപനങ്ങളെയും കോർത്തിണക്കിക്കൊണ്ട് 20 മുതൽ ഏപ്രിൽ 27 വരെ വ്യാപാരോത്സവം നടക്കും.ഈ ദിവസങ്ങളിൽ മണ്ഡലത്തിലെ വിവിധ വ്യാപാര കേന്ദ്രങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നവർക്ക് വിലക്കിഴിവ് ലഭിക്കും. വ്യാപാരോത്സവമുമായി ബന്ധപ്പെട്ട് നിശാവ്യാപാരം, പ്രദർശനമേളകൾ, വിവിധ പരിപാടികൾ,സെമിനാറുകൾ എന്നിവയുമുണ്ടാകും.വ്യാപാരോൽസവത്തിന്റെ ഭാഗമായി സമ്മാനകൂപ്പൺ പുറത്തിറക്കിയിട്ടുണ്ടെന്നും വ്യാപാര, വ്യവസായ സ്ഥാപനങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് കൂപ്പണുകൾ ലഭിക്കും. നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി ഇലക്ട്രിക്‌ സ്കൂട്ടർ, രണ്ടാം സമ്മാനം ലാപ് ടോപ്‌ മൂന്നാം സമ്മാനം മൊബൈൽ ഫോൺ എന്നിവയും തിരഞ്ഞെടുക്കപ്പെടുന്ന 100 പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകുമെന്നും എം.എൽ.എ അറിയിച്ചു. വ്യാപാരോത്സവ കോ-ഓർഡിനേറ്റർ നിധിൻ ചന്ദ്രൻ,വ്യാപാരി വ്യവസായി സമിതി കാട്ടാക്കട ഏര്യാ സെക്രട്ടറി എ. ശശികുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.