രഘുവിന്റെ വീടു പണി കെ.പി.സി.സി പൂർത്തീകരിക്കും: കെ.സുധാകരൻ

Monday 20 March 2023 12:06 AM IST

കണ്ണൂർ: കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച ആറളം ഫാം പുനരധിവാസ മേഖലയിലെ പത്താം ബ്ലോക്കിൽ രഘുവിന്റെ വീടിന്റെ പണി കെ.പി.സി.സി പൂർത്തീകരിച്ച് നൽകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ബന്ധുക്കൾക്ക് ഉറപ്പുനൽകി.കെ രഘുവിന്റെ വീട് സന്ദർശിച്ച ശേഷമാണ് കെ. സുധാകരൻ പ്രഖ്യാപനം നടത്തിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ് രഘുവിന്റെത്. രഘുവിന്റെ ഭാര്യ നേരത്തെ മരിച്ചിരുന്നു. മൂന്ന് കുട്ടികളാണുള്ളത്. കുട്ടികളെ ആശ്വസിപ്പിച്ച സുധാകരൻ ബന്ധുക്കളോട് വിശദമായി സംസാരിച്ചു. സുഹൃത്തിനൊപ്പം രഘു വിറക് ശേഖരിക്കാൻ പോയപ്പോഴാണ് ദാരുണമായ സംഭവം നടന്നത്. കാട്ടാനയുടെ ആക്രമണം ഏറ്റവും കൂടുതലുള്ള മേഖലയാണിത്. കാട്ടാന ശല്യം തടയാനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ ഗുരുതരമായ അലംഭാവം അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. എൽ.ഡി.എഫ് സർക്കാർ വന്നിട്ട് കാട്ടാന ആക്രമത്തിൽ കൊല്ലപ്പെടുന്ന 14ാമത്തെ രക്തസാക്ഷിയാണ് രഘുവെന്ന് സുധാകരൻ പറഞ്ഞു. ആറളം ഫാമിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നാലു പേരാണ് കാട്ടാന അക്രമത്തിൽ കൊല്ലപ്പെട്ടത്.