കാഴ്ച പരിമിതിയിൽ അര്‍ജുന്റെ പഠനം മുടങ്ങില്ല; തൃശൂര്‍ ലോ കോളേജില്‍ പ്രത്യേക ക്വാട്ട നല്‍കി മന്ത്രി

Monday 20 March 2023 12:32 AM IST

തൃശൂർ: കാഴ്ച പരിമിതി നേരിടുന്ന വിദ്യാർത്ഥിയുടെ നിയമപഠനം മുടങ്ങാതിരിക്കാൻ തൃശൂർ ലോ കോളേജിൽ പ്രത്യേക ക്വാട്ട സൃഷ്ടിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ ഇടപെടൽ. എണാകുളം ലോ കോളേജിൽ നിയമ പഠനത്തിന് എൽ.എൽ.എം സീറ്റ് ലഭിച്ചെങ്കിലും യാത്രാപ്രശ്‌നം ഉന്നതപഠനത്തിന് ഇരുൾ വീഴ്ത്തുമോ എന്ന് ആശങ്കപ്പെട്ടിരിക്കുമ്പോഴാണ് വിയ്യൂർ സ്വദേശി അർജുൻ.കെ.കുമാറിന് മന്ത്രി പ്രതീക്ഷയുടെ വെളിച്ചമായത്. എറണാകുളം കോളേജിൽ നിന്ന് പഠനം തൃശൂർ ലോ കോളേജിലേക്ക് മാറ്റിത്തരണമെന്ന് അർജുൻ, മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതോടെ തൃശൂർ ലോ കോളേജിൽ കാഴ്ച പരിമിതി നേരിടുന്നവർക്കായി സീറ്റ് സൃഷ്ടിക്കാൻ കലിക്കറ്റ് സർവകലാശാലയ്ക്ക് മന്ത്രി നിർദ്ദേശം നൽകുകയായിരുന്നു. സർവകലാശാല ഉടൻ തീരുമാനമെടുത്തു. തുടർന്ന് തൃശൂർ ലോ കോളേജിൽ പുതുതായി സൃഷ്ടിക്കപ്പെട്ട സീറ്റിലേക്ക് മാറ്റിയുള്ള ഉത്തരവ് തൃശൂർ രാമനിലയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി അർജുന് കൈമാറി. കഴിഞ്ഞ മാസം തൃശൂർ ഗവ. എൻജിനീയറിംഗ് കോളേജിലെ ഭിന്നശേഷി വിദ്യാർത്ഥി ഫിയറോ ജെയിന് പഠനസൗകര്യാർത്ഥം താമസിക്കാൻ സ്റ്റാഫ് ക്വാർട്ടേഴ്‌സ് പ്രത്യേക ഉത്തരവിലൂടെ മന്ത്രി അനുവദിച്ചിരുന്നു. വിദ്യാഭ്യാസ രംഗം കൂടുതൽ ഭിന്നശേഷി സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു. വീടിനടുത്ത കോളേജിൽ തന്നെ പഠനം തുടരാനായതിന്റെ സന്തോഷവും നന്ദിയും അർജുൻ മന്ത്രിയെ അറിയിച്ചു. അച്ഛൻ കൃഷ്ണ കുമാർ, അമ്മ അമ്പിളി എന്നിവരും അർജുനൊപ്പം എത്തിയിരുന്നു. കേരളവർമ്മ കോളേജിൽ ഫിലോസഫിയിൽ ബിരുദമെടുത്ത ശേഷമാണ് അർജുൻ നിയമത്തിൽ ബിരുദാനന്തര ബിരുദ പഠനത്തിന് തയ്യാറെടുക്കുന്നത്.