പാർലമെന്റ് ഇന്നും പ്രക്ഷുബ്‌ധമായേക്കും

Monday 20 March 2023 1:01 AM IST

ന്യൂഡൽഹി: രണ്ടു ദിവസത്തെ അവധിക്കു ശേഷം ഇന്ന് പുനരാരംഭിക്കുന്ന പാർലമെന്റ് ബഡ്‌ജറ്റ് സമ്മേളനം ഭരണപ്രതിപക്ഷങ്ങളുടെ ആരോപണ പ്രത്യാരോപണങ്ങളാൽ പ്രക്ഷുബ്‌ധമായേക്കും. ധനബില്ലും മന്ത്രാലയങ്ങൾക്കുള്ള ഗ്രാന്റുകളും പാസാക്കേണ്ട നിർണായക സമ്മേളനത്തിലെ ആദ്യ ആഴ്‌ച ബഹളത്തിൽ പൂർണമായി തടസപ്പെട്ടിരുന്നു.

അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി(ജെ.പി.സി) അന്വേഷണമെന്ന പ്രതിപക്ഷ ആവശ്യത്തെ രാഹുലിന്റെ ലണ്ടൻ പ്രസംഗം ഉപയോഗിച്ച് ഭരണപക്ഷം പ്രതിരോധിച്ചുവരുന്നു. ഇരുപക്ഷവും വിട്ടുവീഴ്‌ചയില്ലാത്ത നിലപാട് തുടർന്നതിനാൽ ഇരുസഭകളും പൂർണമായി സ്‌തംഭിച്ചു.

പ്രസംഗത്തെക്കുറിച്ച് വിശദീകരിക്കാൻ അനുവദിക്കണമെന്ന രാഹുലിന്റെ ആവശ്യം സ്‌പീക്കർ അംഗീകരിച്ചിട്ടില്ല. ഇതിനൊപ്പം ഇന്നലെ രാഹുലിന്റെ വസതിയിൽ പൊലീസ് എത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്ന ആരോപണം കോൺഗ്രസ് പാർലമെന്റിൽ ഉയർത്തിയേക്കും.പാർലമെന്റിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ ഇന്നു രാവിലെ യോഗം ചേരും.പ്രധാനമന്ത്രിയുടെ നെഹ്‌റു വിരുദ്ധ പ്രസ്‌താവനയ്‌ക്കെതിരെ കോൺഗ്രസ് രാജ്യസഭയിൽ കൊണ്ടുവന്ന അവകാശ ലംഘന പ്രമേയത്തെ ചൊല്ലിയും ഇന്ന് ഭരണ-പ്രതിപക്ഷങ്ങളുടെ കൊമ്പുകോർത്തേക്കും. കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലാണ് പ്രധാനമന്ത്രിക്കെതിരെ പ്രമേയത്തിന് നോട്ടീസ് നൽകിയത്.

Advertisement
Advertisement