മില്ലറ്റ് മാൻ സതീഷിന് വിട

Monday 20 March 2023 1:06 AM IST

ന്യൂഡൽഹി: പരിസ്ഥിതി സൗഹാർദ്ദമായ കാർഷിക ഭക്ഷ്യ സമ്പ്രദായത്തിന്റെ വക്താവും ചെറുധാന്യങ്ങളുടെ(മില്ലറ്റ്) പ്രചാരകനുമായിരുന്ന ഇന്ത്യയുടെ 'മില്ലറ്റ് മാൻ' പി.വി.സതീഷ്(77) ഹൈദരാബാദിൽ അന്തരിച്ചു. ദീർഘകാലമായി രോഗബാധിതനായിരുന്നു. സംസ്‌കാരം ഇന്നു രാവിലെ 10.30 ന് നടക്കും.

തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ പാസ്താപൂർ ഗ്രാമത്തിൽ സതീഷ് സ്ഥാപിച്ച ഡെക്കാൻ ഡെവലപ്‌മെന്റ് സൊസൈറ്റി(ഡി.ഡി.എസ്) നടത്തിയ പ്രവർത്തനങ്ങളാണ് രാജ്യത്ത് ചെറുധാന്യങ്ങളുടെ(മില്ലറ്റുകൾ) പ്രാധാന്യം തെളിയിച്ചതും പൊതുവിതരണ സമ്പ്രദായത്തിൽ ഉൾപ്പെടുത്താൻ ഇടയായതും.

മില്ലറ്റ് വിളകളെ മാത്രം അടിസ്ഥാനമാക്കി സ്ത്രീ കർഷകർ നടത്തുന്ന പ്രാദേശിക പൊതുവിതരണ സംവിധാനത്തിനും അദ്ദേഹം രൂപം നൽകി. കാർഷിക-ജൈവവൈവിധ്യം, ഭക്ഷ്യ പരമാധികാരം, സ്ത്രീ ശാക്തീകരണം, സാമൂഹിക നീതി തുടങ്ങിയ മേഖലകളിലും അദ്ദേഹം മികച്ച സംഭാവനകൾ നൽകി.

1945 ജൂൺ 18 ന് മൈസൂരിൽ ജനിച്ച പെരിയപട്ടണ വെങ്കടസുബ്ബയ്യ സതീഷ് ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽ നിന്ന് ബിരുദം നേടി, പത്രപ്രവർത്തകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. രണ്ട് പതിറ്റാണ്ടോളം ദൂരദർശനിൽ പ്രൊഡ്യൂസറായി പ്രവർത്തിച്ചു. ആന്ധ്രാപ്രദേശിലെ ഗ്രാമീണ വികസനവും ഗ്രാമീണ സാക്ഷരതയും സംബന്ധിച്ച പരിപാടികൾ ശ്രദ്ധിക്കപ്പെട്ടു. 1970 കളിലെ ചരിത്രപരമായ സാറ്റലൈറ്റ് ഇൻസ്ട്രക്‌ഷണൽ ടെലിവിഷൻ(സൈറ്റ്) പരീക്ഷണത്തിന്റെ ഭാഗമായി.

1980-കളുടെ തുടക്കത്തിൽ സ്ഥാപിച്ച ഡി.ഡി.എസിലൂടെ പട്ടിണി, പോഷകാഹാരക്കുറവ്, ജൈവവൈവിധ്യത്തിന്റെ നഷ്ടം, ലിംഗപരമായ അനീതി, സാമൂഹികമായ അപചയം തുടങ്ങിയ മേഖലകളിൽ ശ്രദ്ധയൂന്നി.

തെലങ്കാനയിലെ 75 ഗ്രാമങ്ങളിലെ ആയിരക്കണക്കിന് പാവപ്പെട്ട സ്ത്രീകൾക്ക് ഉപജീവനമാർഗമുണ്ടാക്കി. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി മീഡിയ ട്രസ്റ്റിലൂടെ നിരക്ഷരരായ ദളിത് സ്ത്രീകൾക്ക് ചലച്ചിത്ര നിർമ്മാണത്തിൽ പരിശീലനം നൽകി. പൊതുസമൂഹത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിച്ച ആദ്യത്തെ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനായ സംഘം റേഡിയോ സ്ഥാപിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ.

Advertisement
Advertisement