പ്രചണ്ഡ ഇന്ന് അവിശ്വാസ വോട്ട് നേരിടും

Monday 20 March 2023 6:32 AM IST

കാഠ്മണ്ഡു: നേപ്പാളിൽ പ്രധാനമന്ത്രി പുഷ്പ കമൽ ദഹാൽ പ്രചണ്ഡ പാർലമെന്റിൽ ഇന്ന് അവിശ്വാസ വോട്ട് നേരിടും. ഏഴ് പാർട്ടികളടങ്ങിയ ഭരണസഖ്യത്തിൽ നിന്ന് മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ സി.പി.എൻ - യു.എം.എൽ, രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടി ( ആർ.പി.പി )​ എന്നിവർ പിന്തുണ പിൻവലിച്ച പശ്ചാത്തലത്തിലാണ് വോട്ട്. കഴിഞ്ഞ മാസം പ്രതിപക്ഷമായ നേപ്പാളി കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി റാം ചന്ദ്ര പൗഡലിന് പ്രചണ്ഡയുടെ സി.പി.എൻ - മാവോയിസ്റ്റ് സെന്റർ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഇവർ സർക്കാർ വിട്ടത്. നിലവിൽ നേപ്പാളി കോൺഗ്രസ് അടക്കം ഒമ്പത് പാർട്ടികൾ പ്രചണ്ഡയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 275 അംഗ പാർലമെന്റിൽ 89 സീറ്റുള്ള നേപ്പാളി കോൺഗ്രസ് പ്രചണ്ഡയ്ക്ക് അനുകൂലമായി വോട്ട് ചെയ്യും. പ്രചണ്ഡ അവിശ്വാസ വോട്ട് പാസായാൽ നേപ്പാളി കോൺഗ്രസ് സർക്കാരിന്റെ ഭാഗമാകും. ആർ.എസ്.പി, സി.പി.എൻ - യൂണിഫൈഡ് സോഷ്യലിസ്റ്റ് എന്നിവയും പ്രചണ്ഡയ്ക്കായി വോട്ട് ചെയ്യുമെന്ന് അറിയിച്ചു. ഈ മൂന്ന് പാർട്ടികളും ചേർന്നുള്ള 151 വോട്ട് ലഭിച്ചാൽ പ്രചണ്ഡയ്ക്ക് അവിശ്വാസ വോട്ട് മറികടക്കാം. 138 എം.പിമാരുടെ പിന്തുണയാണ് പ്രചണ്ഡയ്ക്ക് പ്രധാനമന്ത്രിയായി തുടരാൻ വേണ്ടത്. പ്രാദേശിക സമയം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പാർലമെന്റ് സെഷൻ ചേരുമ്പോഴാണ് വോട്ടിംഗ് നടക്കുക.