ഇക്വഡോറിൽ ശക്തമായ ഭൂചലനം : 16 മരണം

Monday 20 March 2023 6:32 AM IST

കീറ്റോ : തെക്കേ അമേരിക്കൻ രാജ്യമായ ഇക്വഡോറിന്റെ തെക്കൻ മേഖലയിൽ റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. 16 പേർ കൊല്ലപ്പെട്ടു. 400ലേറെ പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾ തകർന്നു. വ്യാപക മണ്ണിടിച്ചിലുമുണ്ടായി. സുനാമി മുന്നറിയിപ്പില്ല. ഇന്ത്യൻ സമയം, ശനിയാഴ്ച രാത്രി 10.42ഓടെയായിരുന്നു സംഭവം. തെക്കൻ പ്രവിശ്യയായ എൽ ഒറോയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ. മരിച്ചവരിൽ 12 പേർ എൽ ഒറോ സ്വദേശികളാണ്. മചാല, ക്വെൻക നഗരങ്ങളിലും നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകർന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഗ്വായാകീലിൽ നിന്ന് 80 കിലോമീറ്റർ അകലെ ബലാവോയ്ക്ക് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തലസ്ഥാനമായ കീറ്റോയിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. 2016ന് ശേഷം ഇക്വഡോറിൽ രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണിത്. അന്ന് 700ഓളം പേർ കൊല്ലപ്പെട്ടു. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. അയൽരാജ്യമായ പെറുവിന്റെ വടക്കൻ മേഖലയിലും ഭൂചലനം അനുഭവപ്പെട്ടു. ഇവിടെ അതിർത്തിയോട് ചേർന്നുള്ള ടംബസ് പ്രവിശ്യയിൽ വീട് തകർന്ന് 14 കാരി മരിച്ചു.