സി പി എം നേതാവിന്റെ മർദ്ദനമേറ്റ് മരിച്ചത് വനിതാ നേതാവിന്റെ മകൻ, ചികിത്സയിൽ കഴിഞ്ഞത് 45 ദിവസം

Monday 20 March 2023 10:31 AM IST

ഏങ്ങണ്ടിയൂർ: അയൽവാസിയുമായുള്ള തർക്കത്തിലിടപെട്ട പ്രാദേശിക സി.പി.എം നേതാവിന്റെ മർദ്ദനമേറ്റ് സി.പി.എം വനിതാ നേതാവിന്റെ മകൻ മരിച്ചു. സി.പി.എം നേതാവും ബ്ളോക്ക് പഞ്ചായത്ത് അംഗവും മഹിളാ അസോസിയേഷൻ നേതാവുമായ കെ.ബി.സുധയുടെ മകൻ അമൽകൃഷ്ണനാണ് (31) മരിച്ചത്. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ഏങ്ങണ്ടിയൂർ പഞ്ചായത്താഫീസിന് മുമ്പിലായിരുന്നു സംഭവം.

മർദ്ദനത്തിൽ പരിക്കേറ്റ അമൽകൃഷ്ണൻ 45 ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഏങ്ങണ്ടിയൂരിലെ വീട്ടിലെത്തിച്ചത്. ഞായറാഴ്ച വൈകിട്ട് എട്ടോടെയായിരുന്നു മരണം. സുധയുടെ അയൽവാസിയുമായുള്ള തർക്കത്തിൽ കക്ഷി ചേർന്നെന്ന് ആരോപിച്ച് അമൽകൃഷ്ണ മറ്റൊരു പ്രാദേശിക നേതാവിനെ വാഹനം തടഞ്ഞുനിറുത്തി മർദ്ദിച്ചിരുന്നു. വിഷയത്തിൽ മുൻപഞ്ചായത്തംഗം കൂടിയായ സി.പി.എം നേതാവ് എതിരാളിക്കൊപ്പം ചേർന്നെന്ന് ആരോപിച്ച് അമൽ സംഭവദിവസം കൈയേറ്റത്തിന് മുതിർന്നു. ഇതു കണ്ടുവന്ന മറ്റൊരു നേതാവും പ്രശ്നത്തിലിടപെട്ടതോടെ സംഘർഷമായി. സി.പി.എമ്മിന്റെ രണ്ട് നേതാക്കളും ചേർന്ന് അമലിനെ മർദ്ദിച്ചെന്നാണ് ആക്ഷേപം. സംഭവത്തിൽ പഞ്ചായത്തിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ഇരുവിഭാഗത്തിനെതിരെയും കേസെടുത്തു.

മർദ്ദനത്തിൽ അമൽകൃഷ്ണന്റെ മൂക്കിന്റെ എല്ലിന് പൊട്ടലടക്കം ഗുരുതര പരിക്കുണ്ടായിരുന്നു. ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച അമൽകൃഷ്ണനെ പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കുകൾ ഭേദപ്പെട്ടതിനെ തുടർന്നാണ് വീട്ടിലെത്തിച്ചത്. അമൽ എക മകനാണ്. പിതാവ് ഉണ്ണിക്കൃഷ്ണൻ നേരത്തേ മരണപ്പെട്ടിരുന്നു. മർദ്ദനത്തെ തുടർന്ന് പൊലീസ് അന്ന് മൊഴിയെടുത്തിരുന്നെങ്കിലും നിസാര വകുപ്പിട്ടാണ് കേസെടുത്തതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ സി.പി.എം നേതാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കോൺഗ്രസ് എങ്ങണ്ടിയൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisement
Advertisement