കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കേസ്; അറ്റൻഡർ പിടിയിൽ

Monday 20 March 2023 11:55 AM IST

കോഴിക്കോട്: ശസ്ത്രക്രിയയ്ക്ക് വിധേയയായി അർദ്ധബോധാവസ്ഥയിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അറ്റൻഡറായ വടകര മയ്യന്നൂർ സ്വദേശി ശശീന്ദ്രനാണ് പിടിയിലായത്. മെഡിക്കൽ കോളേജ് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

രണ്ട് ദിവസം മുമ്പ് പീഡനം നടന്നതായാണ് യുവതി മെഡിക്കൽ കോളേജ് പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ കോഴിക്കോട് സ്വദേശിനിയാണ് അതിക്രമത്തിനിരയായത്. ശസ്ത്രക്രിയയ്ക്ക് ശേഷം മയക്കം പൂർണമായും മാറാത്ത അവസ്ഥയിലായിരുന്നു യുവതി. ഈ സമയമാണ് പീഡനം നടന്നത്. യുവതി പിന്നീട് ഭർത്താവിനോടാണ് വിവരം വെളിപ്പെടുത്തിയത്. തുടർന്ന് പരാതി നൽകുകയായിരുന്നു.