സി.പി.എം പ്രവർത്തകന്റെ കൊലപാതകം: നേതാക്കളെ അറസ്റ്റ് ചെയ്യണം: ബി.ജെ.പി
Tuesday 21 March 2023 12:31 AM IST
തൃശൂർ: ഏങ്ങണ്ടിയൂരിൽ സി.പി.എം പ്രവർത്തകൻ അമൽ കൃഷ്ണയെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ സി.പി.എം നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ ആവശ്യപ്പെട്ടു. ഏങ്ങണ്ടിയൂർ തിരുമംഗലം ഡിവിഷൻ ബ്ലോക്ക് മെമ്പർ സുധയുടെ മകൻ അമൽ കൃഷ്ണയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ കൊലയ്ക്ക് നേതൃത്വം നൽകിയ വ്യക്തി, ബി.ജെ.പി പ്രവർത്തകൻ സുജിത്ത് ഉണ്ണിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.
നേതാക്കളുടെ വഴിവിട്ട ജീവിതം ചോദ്യം ചെയ്യുന്ന പ്രവർത്തകരെ തല്ലിക്കൊല്ലുന്നതാണ് സി.പി.എമ്മിന്റെ പുതിയ രീതി. നേതാക്കളായ പ്രതികളെ രക്ഷിക്കാൻ പാർട്ടിയും പൊലീസും ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജില്ലാ പ്രസിഡന്റ് അറിയിച്ചു.