റെയിൽവേ സ്റ്റേഷനിലെ ടിവിയിൽ പരസ്യത്തിന് പകരം അശ്ളീല വീഡിയോ; സ്ത്രീകളും കുട്ടികളുമുള്ളിടത്ത് പ്രദർശനം തുടർന്നതായി പരാതി

Monday 20 March 2023 6:53 PM IST

പാട്ന: ബീഹാറിലെ റെയിൽവേ സ്റ്റേഷനിലെ ടിവി സ്ക്രീനിൽ അശ്ളീല വീഡിയോ ദൃശ്യം പ്രദർശിപ്പിച്ചതായി പരാതി. ഞായറാഴ് രാവിലെയാണ് തിരക്കേറിയ പാട്ന റെയിൽവേ സ്റ്റേഷനിൽ ഗുരുതരമായ വീഴ്ചയുണ്ടായത്. കുട്ടികളടക്കം നിരവധി യാത്രക്കാർ പ്ളാറ്റ്ഫോമുകളിലുണ്ടായിരുന്ന സമയത്ത് മിനിറ്റുകളോളം അശ്ളീല വീഡിയോ ടിവിയിൽ പ്രദർശിപ്പിച്ചതായാണ് വിവരം. സംഭവത്തിൽ യാത്രക്കാർ പരാതിപ്പെട്ടതിന് പിന്നാലെ റെയിൽവേ പൊലീസ് അന്വേഷണമാരംഭിച്ചു.

ടിവിയിൽ സാധാരണയെന്ന പോലെ പരസ്യം പ്രദർശിപ്പിക്കുകയാണെന്നായിരുന്നു സംഭവസമയത്ത് റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാർ കരുതിയത്. എന്നാൽ അശ്ളീല ചിത്രമാണെന്ന് തിരിച്ചറിഞ്ഞതോടെ പലരും കൂകി വിളിക്കാനും പ്രതിഷേധിക്കാനുമാരംഭിച്ചു. എങ്കിലും മൂന്ന് മിനിറ്റോളം ദൃശ്യങ്ങൾ തുടർന്ന് പ്രദർശിപ്പിച്ചതായാണ് പ്രാദേശിക മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

റെയിൽവേ സ്റ്റേഷനിലെ സംഭവത്തിന്റെ ദൃശ്യങ്ങൾ പല യാത്രക്കാരും ഫോണിൽ പകർത്തിയിരുന്നു. ചിലരത് സമൂഹ മാദ്ധ്യമം വഴി പങ്കുവെയ്ക്കുകയും ചെയ്തു. അതോടെ സംഭവം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കമുള്ളിടത്ത് മിനിറ്റുകളോളം അശ്ളീല ഉള്ളടക്കമുള്ള വീഡിയോ പ്രദർശിക്കപ്പെട്ടത് ഗുരുതരമായ വീഴ്ചയാണെന്നാണ് പരക്കേയുള്ള ആക്ഷേപം. സംഭവത്തിൽ പൊതുരോഷത്തിന് പിന്നാലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും അന്വേഷണം പ്രഖ്യാപിച്ചു. റെയിൽവേ സ്റ്റേഷനിലെ ടിവിയിൽ പരസ്യം സംപ്രേഷണം ചെയ്യുന്ന ദത്ത കമ്മ്യൂണിക്കേഷൻ എന്ന ഏ‌ൻസിയോട് സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.