ലണ്ടന് പിന്നാലെ സാൻ ഫ്രാൻസിസ്‌കോയിലും ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണം; ഇന്ത്യൻ കോൺസുലേറ്റിന്റെ ജനലും കതകും തകർത്തു

Monday 20 March 2023 7:35 PM IST

സാൻ ഫ്രാൻസിസ്‌കോ: അമേരിക്കയിൽ സാൻ ഫ്രാൻസിസ്‌കോയിലുള്ള ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണം. വാരിസ് പഞ്ചാഹ് ദേ നേതാവ് അമൃത്‌പാൽ സിംഗിന് അനുകൂലമായി അക്രമികൾ മുദ്രാവാക്യങ്ങളും വിളിച്ചു. ഇന്ത്യൻ കോൺസുലേറ്റിന്റെ വാതിലുകളും ജനലുകളും അക്രമികൾ കൈയിലെ ഖാലിസ്ഥാൻ കൊടികെട്ടിയ ദണ്ഡുപയോഗിച്ച് അടിച്ചുതകർത്തു. പ്രവേശനം തടയുന്ന ബാരിക്കേഡുകളും അക്രമികൾ തകർത്ത് താഴെയിട്ടു.

ഇന്ത്യൻ കോൺസുലേറ്റ് കെട്ടിടത്തിന്റെ ചുറ്റുമതിലിൽ 'ഫ്രീ അമൃത്‌പാൽ' എന്ന് സ്‌പ്രേ പെയിന്റ് ചെയ്‌തു. ഇവർ ആക്രമണത്തിന്റെ വീഡിയോ പകർത്തി ട്വിറ്ററടക്കം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. കഴിഞ്ഞ ദിവസം ലണ്ടനിൽ കോൺസുലേറ്റിൽ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഖാലിസ്ഥാൻ അനുകൂലികൾ ഇതുപോലെ ആക്രമണം നടത്തിയിരുന്നു. ദേശീയപതാകയോട് അനാദരവ് പ്രകടിപ്പിച്ച ഇവർ ദേശീയ പതാകയ്‌ക്ക് പകരം ഖാലിസ്ഥാൻ പതാകയുയർത്തിയിരുന്നു.

അതേസമയം പൊലീസിന്റെ കൈയിൽ നിന്ന് രക്ഷപ്പെട്ട ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനെ അറസ്റ്റ് ചെയ്തതായി 'വാരിസ് പഞ്ചാബ് ദേ' നിയമോപദേശകൻ ഇമ്രാൻ സിംഗ് ഖാര അറിയിക്കുന്നത്. പഞ്ചാബിലെ ഷാഹ്‌കോട്ട് പൊലീസ് സ്റ്റേഷനിലാണ് അമൃത്പാൽ ഇപ്പോൾ ഉള്ളതെന്നും വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കാനാണ് നീക്കമെന്നുമാണ് ഇമ്രാൻ സിംഗ് പറയുന്നത്.


അമൃത്പാലിന് വേണ്ടി പഞ്ചാബ് ഹരിയാന ഹൈക്കോടതിയിൽ അഭിഭാഷകൻ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിട്ടുണ്ട്. അതേസമയം അറസ്റ്റിനെക്കുറിച്ച് പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.