വൺ റാങ്ക് വൺ പെൻഷൻ, മൂന്ന് ഘട്ടമായി നൽകാൻ സുപ്രീംകോടതി നിർദ്ദേശം , മുദ്രവച്ച കവറിനെതിരെ വീണ്ടും രൂക്ഷവിമർശനം

Tuesday 21 March 2023 4:24 AM IST

 2024 ഫെബ്രുവരി 28നകം കുടിശ്ശിക തീർക്കണമെന്ന് അന്ത്യശാസനം

ന്യൂ ഡൽഹി : വൺ റാങ്ക്‌ വൺ പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച സൈനികരുടെ പെൻഷൻ കുടിശ്ശിക 2024 ഫെബ്രുവരി 28നകം മൂന്ന് ഘട്ടമായി കൊടുത്തുതീർക്കണമെന്ന് കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ അന്ത്യശാസനം. ഉത്തരവ് നടപ്പാക്കാൻ കേന്ദ്രസർക്കാർ ബാദ്ധ്യസ്ഥമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി. മാർച്ച് 15ഓടെ പെൻഷൻ കുടിശ്ശിക വിതരണം പൂർത്തിയാക്കണമെന്ന മുൻ ഉത്തരവ് നടപ്പാക്കുന്നതിലെ സാമ്പത്തിക ബുദ്ധിമുട്ട് കേന്ദ്രസർക്കാർ അറിയിച്ചതിനെ തുടർന്നാണ് ഘട്ടംഘട്ടമായുളള കുടിശ്ശിക വിതരണത്തിനുളള നിർദ്ദേശം.

ആദ്യഘട്ടം - ധീരതയ്‌ക്കുളള പുരസ്‌കാരം നേടിയവർക്കും കുടുംബ പെൻഷൻ വാങ്ങുന്നവർക്കും. ഏപ്രിൽ 30നകം ഒറ്റത്തവണയായി കുടിശ്ശിക കൈമാറണം. രണ്ടാംഘട്ടം - 70 വയസിന് മുകളിലുളള പെൻഷൻകാർക്ക് ജൂൺ 30നകം കുടിശ്ശിക തീർക്കണം. ഒന്നിലധികം ഗ‌ഡുക്കളായി കൈമാറാം.

മൂന്നാംഘട്ടം - ബാക്കി പെൻഷൻകാർക്ക് കുടിശ്ശിക മൂന്ന് തുല്യ ഗഡുക്കളായി കൈമാറണം. ആഗസ്റ്റ് 31,​ നവംബർ 30,​ 2024 ഫെബ്രുവരി 28 തീയതികളാണ് അനുവദിച്ചത്.

കേന്ദ്രസർക്കാർ പറഞ്ഞത്

പ്രതിരോധ മേഖലയ്‌ക്കുളള ബഡ്ജറ്റ് നീക്കിയിരിപ്പിൽ പെൻഷൻ കുടിശ്ശിക നൽകാനുളള തുകയ്‌ക്ക് പരിമിതിയുണ്ട്. 28,​000 കോടി രൂപയാണ് കുടിശ്ശിക തീർക്കാൻ ആവശ്യമായിട്ടുളളത്. 25 ലക്ഷം അപേക്ഷകരിൽ നാല് ലക്ഷം പേർക്ക് വൺ റാങ്ക് വൺ പെൻഷന് യോഗ്യതയില്ല. ഒറ്രത്തവണയായി നൽകാൻ കഴിയില്ലെന്നും ​ ഗഡുക്കളായി കൈമാറാമെന്നും അറ്റോർണി ജനറൽ അറിയിച്ചു.

മുദ്രവച്ച കവർ നീതിന്യായ വ്യവസ്ഥയ്‌ക്ക് എതിര്

വൺ റാങ്ക് വൺ പെൻഷൻ വിഷയം പരിഗണിക്കവേ കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി മുദ്രവച്ച കവർ സമർപ്പിക്കാൻ ശ്രമിച്ചപ്പോൾ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് രൂക്ഷമായി വിമർശിച്ചു. വിമുക്തഭടന്മാർക്ക് വേണ്ടി ഹാജരായ അഭിഭാഷകന് കവറിലെ വിവരങ്ങൾ കൈമാറാൻ പറഞ്ഞപ്പോൾ രഹസ്യസ്വഭാവമുളളതെന്ന് ചൂണ്ടിക്കാട്ടി എ.ജി. വിസമ്മതിച്ചു.

ഇതോടെയാണ് കോടതി അതിനിശിതമായ വിമർശനമുയർത്തിയത്. അടിസ്ഥാനപരമായി ജുഡിഷ്യൽ നടപടികൾക്ക് വിരുദ്ധമാണ് മുദ്രവച്ച കവറുകൾ. ഇത്തരത്തിൽ കവറുകൾ സ്വീകരിക്കുന്ന സുപ്രീംകോടതിയിലെ പ്രവണതയ്‌ക്ക് അന്ത്യമുണ്ടാകണം. അങ്ങനെയെങ്കിൽ മാത്രമേ ഹൈക്കോടതികളും അത് പിന്തുടരുകയുളളൂ. കേസ് ഡയറി പോലെയുളളവയുടെ രഹസ്യ സ്വഭാവം മനസ്സിലാക്കാം. കോടതി ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളിൽ എന്ത് രഹസ്യമെന്നും സുപ്രീംകോടതി ആരാഞ്ഞു. നേരത്തേ അദാനി ഗ്രൂപ്പിനെതിരെയുളള ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികളിലും കേന്ദ്ര സർക്കാരിന്റെ മുദ്രവച്ച കവർ സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് തയ്യാറായിരുന്നില്ല.