സ്‌കൂൾ പാചകത്തൊഴിലാളിയുടെ പിരിച്ചുവിടൽ: ഹിയറിംഗ് നടത്തി
തൃശൂർ: നാല് പതിറ്റാണ്ട് ജോലി ചെയ്തിട്ടും മേലഡൂർ ജി.എൽ.പി സ്‌കൂളിലെ പാചകത്തൊഴിലാളി ശോഭയെ പിരിച്ചുവിട്ട സംഭവത്തിൽ താമസിയാതെ നടപടിയുണ്ടായേക്കും. പ്രശ്‌നത്തിൽ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി.വി. മദനമോഹൻ ഹിയറിംഗ് നടത്തി. ശോഭയുടെ ദുഃസ്ഥിതിയെക്കുറിച്ച് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
ശോഭയെക്കൂടാതെ ഹിയറിംഗിൽ പങ്കെടുത്ത മാള എ.ഇ.ഒ, സ്‌കൂൾ എച്ച്.എം, പി.ടി.എ പ്രസിഡന്റ്, നൂൺഫീഡിംഗ് ഇൻചാർജ് എന്നിവരോട് ഡി.ഡി.ഇ ചോദിച്ചറിഞ്ഞു. മൂന്ന് കൊല്ലം മുമ്പ് മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴുണ്ടായ അപകടത്തെത്തുടർന്നുള്ള പരിക്കും ബ്രെയിൻ ട്യൂമറും മൂലം അവധിയെടുത്ത അന്നമനട കുമ്പിടിക്കനാൽ കുഞ്ഞിപ്പറമ്പിൽ ശോഭയ്ക്കാണ് കൊവിഡിന് മുമ്പ് തിരിച്ചു ചെന്നപ്പോൾ ജോലി നഷ്ടപ്പെട്ടത്.
രേഖാമൂലം അവധി അനുവദിച്ചിരുന്നെങ്കിലും അധികൃതർ കൈമലർത്തി. ചോദ്യം ചെയ്‌പ്പോൾ പാചകത്തൊഴിലാളിക്ക് ലീവില്ലെന്നായി ഉദ്യോഗസ്ഥരുടെ വാദം. ജില്ലാ വിദ്യാഭ്യാസ ഓഫീസർ അടക്കമുള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബത്തിന് വീടുപണി തീർക്കാൻ മാർഗമില്ല.
വാർക്കപ്പണിക്ക് പോയിരുന്ന ശോഭയുടെ ഭർത്താവ് സുബ്രഹ്മണ്യന് മൂന്ന് വർഷം മുമ്പ് സംസാരിക്കുമ്പോൾ ശബ്ദമില്ലാതായതിനെത്തുടർന്ന് വെറുതെയിരിക്കുകയാണ്. പെയിന്റിംഗ് തൊഴിലാളികളായ മക്കളുടെ തുച്ഛവരുമാനത്തിലാണ് കുടുംബം കഴിയുന്നത്.
എസ്.എസ്.എൽ.സി. പരീക്ഷയുമായി ബന്ധപ്പെട്ട തിരക്കൊഴിഞ്ഞയുടൻ ശോഭയുടെ പ്രശ്‌നം വിശദമായി പരിശോധിച്ച് നടപടിയെടുക്കും.
- ടി.വി. മദനമോഹൻ, ഡി.ഡി.ഇ, തൃശൂർ